'ജീവനും രക്തവും കെ. സുധാകരൻ'; കണ്ണൂർ ഡിസിസിക്ക് മുന്നിൽ ആഘോഷം; പടക്കംപൊട്ടിച്ച് അനുകൂലികൾ

കണ്ണൂർ: കെ. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് അംഗീകാരം നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആഹ്ലാദംപ്രകടിപ്പിച്ച് പ്രവർത്തകർ. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലാണ് സുധാകരനെ അനുകൂലിക്കുന്ന നൂറുകണക്കിന് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്. ഡിസിസി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഹ്ലാദംപങ്കുവെച്ച പ്രവർത്തകർ, കെ. സുധാകരന് അനുകൂലമായി മുദ്രാവാക്യങ്ങളും മുഴക്കി.

കെ. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കില്ലെന്ന വാർത്തകേട്ടാണ് വ്യാഴാഴ്ച രാവിലെ മുതൽ അദ്ദേഹത്തെ അനുകൂലിക്കുന്ന നൂറുക്കണക്കിന് പ്രവർത്തകർ ഡിസിസി ഓഫീസിലെത്തിയത്. ഉച്ചയോടെ സുധാകരനെ മത്സരിപ്പിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ ഇവർ ആഘോഷം ആരംഭിക്കുകയായിരുന്നു.

കണ്ണൂർ മണ്ഡലം തിരിച്ചുപിടിക്കാൻ കെ. സുധാകരൻതന്നെ മത്സരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളായ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ഇത് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.

സുധാകരനെ കണ്ണൂരിൽ മത്സരിപ്പിച്ചില്ലെങ്കിൽ പല പ്രശ്‌നങ്ങളുമുണ്ടാകുമെന്നായിരുന്നു മറ്റൊരു പ്രവർത്തകന്റെ പ്രതികരണം. ''ഞങ്ങളുടെ ജീവനും രക്തവും സുധാകരനാണ്. കണ്ണൂരിൽ കെ. സുധാകരൻ ഒരുവികാരമാണ്. കണ്ണൂരിൽ നട്ടെല്ലുള്ള കോൺഗ്രസ് നേതാവ് സുധാകരനാണ്. സുധാകരന് സീറ്റുനൽകിയെന്ന അറിയിപ്പ് വരുന്നതുവരെ ഡിസിസി ഓഫീസിലുണ്ടാകും'', കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News