കണ്ണൂര്‍:കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ തള്ളിക്കൊണ്ടാണ് പ്രതികരണം. അതേ സമയം പ്രസിഡണ്ടായുള്ള പ്രഖ്യാപനം വൈകുന്നതിൽ സുധാകരനും സുധാകരന്‍റെ ശൈലിയിൽ എതിർവിഭാഗങ്ങൾക്കും അതൃപ്തിയുണ്ട്.
അനാരോഗ്യം ഉന്നയിച്ച് വെട്ടാനുള്ള പാർട്ടിയിലെ നീക്കങ്ങളാണ് സുധാകരൻ തള്ളുന്നത്. അനാരോഗ്യ പരാതി തള്ളാൻ കെപിസിസി അധ്യക്ഷന്‍റെ ജിമ്മിലെ വർക്കൗട്ടിൻറെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം അനുനയായികൾ പുറത്തുവിട്ടിരുന്നു. പക്ഷെ വീഡിയോക്കും ആരോഗ്യമുണ്ടെന്ന് പ്രസിഡണ്ടിനറെ പ്രസ്താവനക്കുപ്പുറത്താണ് മുറുകുന്ന പരാതികൾ .
പാർട്ടിയിൽ അന്തിമവാക്കാകേണ്ട പ്രസിഡണ്ട് മിക്ക സമയവും അനാരോഗ്യം കാരണം സജീവമാകുന്നില്ലെന്നാണ് പരാതി. ഇടക്കുള്ള ചില പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയിയെ കടുത്ത വെട്ടിലാക്കുന്നുവെന്നാണ് അടുത്ത പ്രധാന പരാതി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡണ്ടിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ് ഭേദമില്ലാതെ കൂടുതലുമുള്ളത് എംപിമാരാണ്. കഴിഞ്ഞ ദിവസം ചില എംപിമാർ സുധാകരനെതിരായ വികാരം ഹൈക്കമാൻഡിനെയും അറിയിച്ചിരുന്നു. തലമുറമാറ്റം പറഞ്ഞ് കെ എസിനൊപ്പം കൈകൊടുത്ത് പ്രതിപക്ഷനേതാവായ വിഡി സതീശനും പ്രസിഡണ്ടുമായി അകൽച്ചയിലാണ്. പരസ്യമായി തള്ളുന്നില്ലെങ്കിലും നിയമസഭയിൽ സർക്കാറിനെ താൻ വെട്ടിലാക്കുമ്പോഴും സംഘടനാതലത്തിൽ കാര്യമായ പിന്തുണയും പുരോഗതിയും ഇല്ലെന്നാണ് സതീശൻറെ അഭിപ്രായം. സുധാകരനെ മാറ്റണമെന്ന് സതീശൻനും ഹൈക്കമാൻഡിനോട് ആവശ്യപ്പട്ടെന്ന സൂചനകളുയർന്നെങ്കിലും ഇക്കാര്യം സതീശൻ പക്ഷെ പരസ്യമായി നിഷേധിക്കുന്നു.
ഉടനുണ്ടാകുമെന്ന് കരുതിയ സുധാകരൻ പ്രസിഡണ്ടായി തുടരുമെന്ന പ്രഖ്യാപനം ദില്ലിയിൽ നിന്നും വൈകാനുള്ള കാരണവും പരാതികളാണ്. അതേ സമയം തന്‍റെ പ്രസിഡണ്ട് തീരുമാനം നീളുന്നതിലാണ് ബാക്കി പുനസംഘടനക്ക് കെ സുധാകരനും മുൻകൈ എടുക്കാത്തത്. ജില്ലകളിൽ പ്രത്യേക സമിതികൾ ചേർന്ന് പേരുകൾ നിർദ്ദേശിക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. സംസ്ഥാന സർക്കാർ ഓരോ ദിനവും വലിയ വിവാദങ്ങളിൽ പെടുമ്പോഴും നേതൃനിരയിലെ പ്രശ്നങ്ങളും നിസ്സംഗതയും കാരണം മുതലാക്കാനാകുന്നില്ലെന്ന പൊതുവികാരം ഗ്രൂപ്പുകൾക്കതീതമായി കോൺഗ്രസ്സിലുണ്ട്.