തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ മരണത്തിൽ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അതേസമയം, കൊലപാതകത്തെ അപലപിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ധീരജിനെ കുത്തിയത് നിഖിൽ പൈലിയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോധ്യംവന്നിട്ടില്ലെന്നും പ്രതികൾക്ക് കോൺഗ്രസ് നിയമസഹായം നൽകുമെന്നും സുധാകരൻ പറഞ്ഞു.
ഒരു ജീവനുള്ള ജന്തു അതിനെ കൊല്ലാൻ വരുമ്പോൾ പ്രതികരിക്കും. ആ പ്രതികരണമാണ് പരമാവധി വന്നെങ്കിൽ പൈലിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധാകരൻ ന്യായീകരിച്ചു. സംഭവത്തിൽ തന്നെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ഗൂഢാലോചന എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല. ഇതിലൊന്നും തനിക്കൊരു ഭയപ്പാടും ഇല്ലെന്നും സുധാകരൻ പറഞ്ഞു.
കൊല്ലപ്പെട്ട ധീരജിന്റേത് കോൺഗ്രസ് കുടുംബമാണ്. അവരെ ഒരിക്കലും തള്ളിപ്പറയില്ല. ധീരജിന്റെ വേർപാടിന് പിന്നാലെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ല. താനവിടെ പോയാൽ അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുക ധീരജിന്റെ കുടുംബമാണെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്റെ മൃതദേഹം വീട്ടുപറമ്പിൽ തന്നെ അടക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ അവിടെയല്ല അടക്കേണ്ടതെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. എട്ട് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കിമാറ്റാൻ ശ്രമിച്ച സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനസ്സ് ജനങ്ങൾ തൊട്ടറിയണമെന്നും സുധാകരൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് തിരുവാതിര കളിച്ചും സിപിഎം മരണം ആഘോഷമാക്കി. ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം പോസ്റ്റ്മോർട്ടം മുറിയിൽ കിടക്കുമ്പോൾ അതിന്റെ മുന്നിൽ പൊട്ടിച്ചിരിക്കാൻ സാധിക്കുന്ന എം.എം. മണി ദയാലുവായ മഹാനുഭാവനാണെന്നും സുധാകരൻ വിമർശിച്ചു.
ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി സംഘർഷങ്ങളുണ്ടായിരുന്നു. കെഎസ്.യുക്കാർക്ക് കോളേജിൽ പ്രവർത്തിക്കാൻ സാധിക്കാത്ത ചുറ്റുപാടുണ്ടായി. ഈ സാഹചര്യത്തിലാണ് കോളേജിലെ കെഎസ്യു കുട്ടികൾക്ക് സംരക്ഷണം നൽകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജുമായി ബന്ധപ്പെട്ടത്. എന്നാൽ അതിനും സിപിഎം അവസരം നൽകിയില്ല. എല്ലാവരേയും അടിച്ചോടിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കി.
ധീരജിന്റെ കൊലപാതകം നടന്ന ദിവസം ഉച്ചയോടെ കോളേജിന് പുറത്തുനിന്നിരുന്ന യൂത്ത് കോൺഗ്രസുകാരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള 40 അംഗസംഘം ഓടിച്ചിട്ടുതല്ലുകയായിരുന്നു. നിഖിൽ പൈലിയും ആ കൂട്ടത്തിലുണ്ടായിരുന്നു. അതിനിടെയാണ് ധീരജിന് കുത്തേറ്റത്. ധീരജ് വീഴുന്നതുകണ്ടു പക്ഷേ കുത്തുന്നത് കണ്ടില്ലെന്നാണ് ധീരജിനൊപ്പമുള്ള എസ്എഫ്ഐക്കാർ പറഞ്ഞിരുന്നത്. ധീരജ് ഇടികൊണ്ട് വീണതാണെന്നായിരുന്നു അവർ പറഞ്ഞത്. പിന്നെ എങ്ങനെയാണ് ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ വരുന്നതെന്നും സുധാകരൻ ചോദിച്ചു.
കേളേജ് സംഘർഷത്തിനിടെ നിരവധി തവണ എസ്എഫ്ഐക്കാരെ മാറ്റാൻ പോലീസ് ശ്രമിച്ചിരുന്നു. കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞപ്പോൾ അവിടെ കിടക്കട്ടെയെന്നാണ് പോലീസ് പറഞ്ഞത്. എസ്എഫ്ഐ പ്രവർത്തകരെ മാറ്റാൻ ശ്രമിച്ച് മടുത്തുനിൽക്കുകയായിരുന്നു പോലീസ്. എസ്എഫ്ഐക്കാരെ ശല്യക്കാരായി പോലീസുകാർക്കു പോലും തോന്നിയതുകൊണ്ടാകാം അവർ അങ്ങനെ പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു.