കണ്ണൂര്‍: എ വിജയരാഘവനെ പോലെയുള്ള നേതാക്കന്‍മാരെ മുന്‍നിര്‍ത്തി ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയതുപോലെ സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘനെന്നും സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.
വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയതെന്ന് വിജയരാഘവന്‍ പറഞ്ഞെങ്കില്‍ അതിന് ഏത് ഭാഷയിലാണ് മറുപടി പറയേണ്ടതെന്ന് അറിയില്ല. പ്രതിപക്ഷം സമുദായ നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍ ഒരു സമുദായ നേതാവും വിയോജിപ്പ് പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല സര്‍വ പിന്തുണയും നല്‍കിയതായും സുധാകരന്‍ പറഞ്ഞു. ഇവിടെ മതസൗഹാര്‍ദം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തെക്കാള്‍ സര്‍ക്കാരിനല്ലേയെന്നും സുധാകരന്‍ ചോദിച്ചു.
ഞങ്ങള്‍ ബിഷപ്പുമാരെ കാണാന്‍ പോയതിന് ശേഷമാണ് ഒരു മന്ത്രിയെ മുഖ്യമന്ത്രി പാലായ്ക്ക് അയച്ചത്. ഇവിടെ ഉണ്ടായ ഈ പ്രശ്നത്തോട് ഇത്രയും നിസാരമായി പ്രതികരിച്ചത് സര്‍ക്കാരാണ്. എല്ലാ സര്‍ക്കാരും ഇത്തരമൊരു പ്രതിസന്ധിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാറില്ലേ?. എന്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ തയ്യാറാകാത്തത്?. ആരെയും ബോധ്യപ്പെടുത്താനല്ല സ്വയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമുദായ നേതാക്കളുടെ യോഗത്തിന് പ്രതിപക്ഷം മുന്‍കൈ എടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു.
വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണെന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ നിലയിലുള്ളതാണ്. സംസ്ഥാനത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്. ഇതിന് രമേശ് ചെന്നിത്തലയും പിന്തുണ നല്‍കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.