കോട്ടയം: കോൺഗ്രസ് പരിപാടിക്കിടെ ഇറങ്ങിപ്പോവുന്ന പ്രവർത്തകരോട് കുറച്ചു നേരമെങ്കിലും സദസ്സിലിരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോട്ടയത്തെ പ്രവർത്തക കൺവൻഷനിലാണ് സുധാകരന്റെ പരാമർശം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സുധാകരൻ പ്രവർത്തകരോട് അഭ്യർത്ഥിക്കുകയായിരുന്നു. നേരത്തെ, സുധാകരൻ പ്രവർത്തകരെ ശാസിച്ചത് വാർത്തയായിരുന്നു.
കോട്ടയത്തെ പരിപാടിയിലാണ് സുധാകരന്റെ പരാമർശങ്ങളുണ്ടായത്. വിഡി സതീശന്റെ പ്രസംഗം കഴിഞ്ഞയുടനെ പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെ സുധാകരൻ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. ഞങ്ങൾ ഇത്രയും ദൂരത്തുനിന്ന് വന്നതല്ലേ, ഞങ്ങൾ ഇവിടെ ഇരിക്കുന്നതെങ്കിലും കണക്കാക്കി നിങ്ങൾ ഇവിടെ ഇരിക്കണമെന്ന് സുധാകരൻ പറഞ്ഞു. മൂന്നുമണിക്കൂർ പോലും നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയില്ലെങ്കിൽ ഇതിൽ അർത്ഥമില്ലെന്നും ആളുകൾ ഇറങ്ങിപ്പോകുന്നത് കണ്ടതോടെ സുധാകരൻ പ്രതികരിക്കുകയായിരുന്നു.
ജനവിരുദ്ധ നയങ്ങൾ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏത് വിധേനയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇടിയുടെ പ്രസ്താവനക്കെതിരായ പട്ടി പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വച്ച് മുസ്ലിം ലീഗിന്റെ എംപിയായ ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിരുന്നു. പിന്നീടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ആശയമാണ് ‘അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്ന്’ തമാശ രൂപേണ പ്രതികരിച്ചത്. അതിനെ തന്റെ പ്രസ്താവന മുസ്ലീംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്തനല്‍കി. സിപിഎമ്മിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് വിവാദമെന്നും അദ്ദേഹം വിമർശിച്ചു.
അഞ്ച് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താന്‍. വളച്ചൊടിച്ച് വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി ഈ വിഷയം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.