തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയെന്ന് മന്ത്രി കെ. രാജു. 23,857 പക്ഷികളാണ് ഇതുവരെ രോഗം വന്ന് ചത്തത്. ആലപ്പുഴയില്‍ 37,654 പക്ഷികളെ കൊന്നു. കോട്ടയത്ത് 7,229 പക്ഷികളെയാണ് കൊന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് വ്യാഴാഴ്ച അവസാനിക്കും. പത്ത് ദിവസം കൂടി ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനിയെ തുടര്‍ന്നു താറാവുകളെയും കോഴികളെയും കൊന്ന കര്‍ഷകര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം നല്‍കും. രണ്ടു മാസത്തിനു മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ ലഭിക്കും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണു കൊന്നൊടുക്കുന്നത്. ചൊവ്വാഴ്ച മാത്രം 2,5000 പക്ഷികളെ കൊന്നു. രണ്ടുദിവസത്തിനകം ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുന്നതു പൂര്‍ത്തിയാക്കും.
ആലപ്പുഴ ജില്ലയിലെ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് എച്ച് 5 എന്‍ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. അതിനാല്‍ പക്ഷിമാംസം പാചകം ചെയ്ത് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.കെ.എം. ദിലീപ് പറഞ്ഞു.