നട്ടാശേരിയില്‍ അപ്രതീക്ഷിത നീക്കം; വന്‍ സന്നാഹവുമായി കല്ലിടല്‍, തഹസീല്‍ദാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

കോട്ടയം: നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ മൂന്ന് സ്ഥലങ്ങളില്‍ അതിരടയാള കല്ല് സ്ഥാപിച്ചു. ഇവിടെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും തടിച്ച് കൂടിയിട്ടുണ്ട്. തഹസീല്‍ദാരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് പോലീസ് സന്നാഹത്തോടെ കെറെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

ഈ സമയം ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഇവര്‍ക്ക് മൂന്ന് കല്ലുകള്‍ സ്ഥാപിക്കാനായത്. മറ്റ് സ്ഥലങ്ങളിലും കല്ല് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം, ഇവിടേയ്ക്ക് ജനക്കൂട്ടം എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടിയ കല്ലുകള്‍ പിഴുതെറിയുമെന്നും മറ്റ് സ്ഥലങ്ങളില്‍ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. സ്ഥലത്ത് ജില്ലയിലെ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കള്‍ ഉടന്‍ എത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ അതിരടയാള കല്ല് സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തില്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ കല്ല് പിഴുതെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ പോലീസ് കേസുമെടുത്തു. ഇന്നു രാവിലെ അപ്രതീക്ഷിതമായി വന്‍ പോലീസ് സന്നാഹത്തോടൊപ്പം കെയില്‍ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ആദ്യം പോലീസ് എത്തുകയും പിന്നീട് സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുകയും ചെയ്യുന്നതായിരുന്നു രീതി. അതില്‍നിന്നു വ്യത്യസ്തമായാണ് പോലീസ് സംഘത്തിനൊപ്പം തന്നെ സര്‍വേ സംഘം എത്തുകയും മൂന്നു കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News