തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചും ബിഷപ്പ് കെ.പി യോഹന്നാനും കൂടുതല്‍ കുരുക്കിലേക്ക്. റെയ്‌ഡിൽ കണ്ടെത്തിയ അനധികൃത പണത്തിന്റെ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ സഭക്കായില്ല.
വിദേശത്തുനിന്ന് കിട്ടിയ ആറായിരം കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മംഗളം ടിവി സിഇഒ ആര്‍. അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവരോട് അന്വേഷണ സംഘം വിശദീകരണം തേടിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മംഗളം ടിവിയിലും സംശയാസ്പദമായി ചിലത് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും മംഗളം ടിവിയുടെയും ഉടമസ്ഥര്‍ ഉള്‍പ്പെടെ 63 അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സിന്റേതാണ് ഉത്തരവ്.സഭയിലെ മുതിര്‍ന്ന പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, സഭയുമായി അടുത്ത് നില്‍ക്കുന്ന വിശ്വാസികള്‍ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. നോട്ടീസ് ആരോപണവിധേയരില്‍ എത്തുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ ആരംഭിക്കും. 6000 കോടിയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച അവ്യക്തതകളാണ് നിലവിലുള്ളത്. ഇതില്‍ നാട്ടിലുള്ളവരുടെ മാത്രമാണ് അക്കൗണ്ടുകള്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നത്.ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്.