വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചന, പിന്നില്‍ കോണ്‍ഗ്രസ്; നിയമനടപടിയെന്ന് കെഎൻ ഉണ്ണികൃഷ്ണൻ

കൊച്ചി: തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം തന്റെ രാഷ്ട്രീയ ജീവിതത്തെ താറടിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും ഇതിന് പിന്നിൽ കോൺ​ഗ്രസ് രാഷ്ട്രീയമാണെന്നും അദ്ദേഹം വിമർശിച്ചു. കുറ്റവാളികൾ മാതൃകപരമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പിന്നിൽ സിപിഎമ്മാണെന്ന് വിഡി സതീശൻ വിശ്വസിക്കുന്നെങ്കിൽ തെളിവുകൾ പുറത്തുവിടട്ടേയെന്നുും അദ്ദേഹം പ്രതികരിച്ചു.

രണ്ടാഴ്ച മുൻപാണ് തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഗോപാലകൃഷ്ണൻ എന്നയാളാണ് ആദ്യമായി ഫേസ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു ഓൺലൈൻ ചാനൽ പ്രവർത്തകനായ ഷാജഹാൻ ഈ വിഷയം സംസാരിച്ചതോടെയാണ് ഇതിന് കൂടുതൽ പ്രചാരം ലഭിച്ചത്. തുടക്കത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് കരുതിയെങ്കിലും, പ്രചാരണം ശക്തമായതോടെ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഫേസ്ബുക്കിലൂടെ വിശദീകരണവും നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

1974-ൽ എസ്എഫ്ഐ പ്രവർത്തകനായി പൊതുരംഗത്ത് വന്ന തനിക്ക് ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വരുന്നത്. തനിക്കെതിരെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങളൊന്നും ഉന്നയിക്കാൻ സാധിക്കില്ല. 100 വർഷത്തിനിടയിൽ നടക്കാത്ത വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, ആ രംഗത്ത് ഒരു ആരോപണവും ഉന്നയിക്കാൻ കഴിയാത്തവരാണ് വ്യക്തിഹത്യയിലേക്ക് തിരിയുന്നത്.

ആടിനെ പട്ടിയാക്കുകയും, പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു രീതിശാസ്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ തെറ്റായ രാഷ്ട്രീയ സംസ്കാരത്തെ സമൂഹം ഒറ്റക്കെട്ടായി നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ഭരണത്തുടർച്ച ലഭിക്കരുത് എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ എതിരാളികളാവാം ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നതിന് വി.ഡി. സതീശൻ്റെ കൈവശം തെളിവുകളുണ്ടെങ്കിൽ അത് നിയമവ്യവസ്ഥയുടെ മുന്നിൽ നിരത്തട്ടെയെന്നും അതും അന്വേഷണ വിധേയമാകട്ടെയെന്നും എംഎൽഎ വെല്ലുവിളിച്ചു. സിപിഎമ്മിനുള്ളിൽ അത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ലെന്നും, തെറ്റ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ പാർട്ടിക്ക് കൃത്യമായ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News