കോഴിക്കോട്: കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിനെതിരെ കെ മുരളീധരൻ. തരൂരിൻ്റെ കോട്ടയത്തെ പരിപാടി അറിയിച്ചില്ലെന്ന ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ പ്രതികരണം ശരിയായില്ല. ശശി തരൂർ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്നും മുരളീധരൻ പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ വിവാദം പാടില്ല. കോട്ടയത്തെ തരൂരിൻ്റെ സന്ദർശനം അറിയിച്ചില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഡിസിസി പ്രസിഡൻ്റിൻ്റെ നിലപാട് തെറ്റാണ്. സന്ദർശനം അറിയിച്ചില്ലെങ്കിൽ ഡിസിസി പ്രസിഡൻ്റ് പരാതി പറയേണ്ടിയിരുന്നത് കെപിസിസിക്കായിരുന്നു. അല്ലാതെ മാധ്യമങ്ങൾക്ക് മുന്നിലായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
തരൂരിനെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. താരിഖ് അന്‍വറിന്റേയും അച്ചടക്ക സമിതിയുടേയും നിര്‍ദേശങ്ങള്‍ ശശി തരൂര്‍ ലംഘിച്ചു. പാര്‍ട്ടിയുടെ മര്യാദ എന്ത് എന്ന് തരൂരിന് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്. കീഴ്‌വഴക്കങ്ങള്‍ പാലിച്ചു പോകുന്ന പാര്‍ട്ടിയെന്ന നിലയില്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നാട്ടകം സുരേഷ് വ്യക്തമാക്കിയിരുന്നു.
സുരേഷിൻ്റെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് മുരളീധരൻ രംഗത്തുവന്നത്. എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തരൂരിനായി വേദി ഒരുക്കിയത്. ഈ പരിപാടിയിൽ ഔദ്യോഗികമായി അറിയിക്കാതെ തരൂർ പങ്കെടുത്തുവെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
ശശി തരൂരിൻ്റെ പത്തനംതിട്ടയിലെ സന്ദർശനത്തോടും കോൺഗ്രസ് ജില്ലാ നേതൃത്വം അകൽച്ച പുലർത്തുകയാണ്. അടൂരിൽ തരൂർ പങ്കെടുക്കുന്ന ബോധിഗ്രാം സെമിനാറിലേക്ക് ക്ഷണം ഉണ്ടെങ്കിലും ഡിസിസി പ്രസിഡൻ്റ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിസിസി കടുത്ത തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.