കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷം കേരളത്തില്‍ വലിയൊരു സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കെ. മുരളീധരന്‍ എം.പി. വിദ്യാഭ്യാസ രംഗമൊക്കെ സ്വകാര്യ മേഖലക്ക് വിട്ടുനല്‍കുകയാണ്. ഒരുവശത്ത് വ്യവസായ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, ഉള്ള വ്യവസായമൊക്കെ പൂട്ടിക്കുകയാണ്. ഈ കാര്യങ്ങളിലൊക്കെ ശക്തമായ സമരം വേണ്ട സമയമാണിതെന്നും കെ.പി.സി.സി പുനസംഘടപ്പിക്കേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായി ശക്തമായി സമരം ചെയ്യേണ്ട കാലഘട്ടത്തില്‍ കാലാവധി കഴിഞ്ഞ ഒരു കമ്മിറ്റിയുമായി കെ.പി.സി.സി മുന്നോട്ടുപോകുമ്പോള്‍ ഒരു ചെറിയ പ്രയാസമുണ്ട്. കഴിയുന്ന വിധം പരാതി ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പുനസംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം.പിമാര്‍ പരാതിക്കത്ത് ഹൈക്കമാന്‍ഡിന് നല്‍കിയോ എന്ന് തനിക്ക് അറിയില്ല. പുനസംഘടന നിര്‍ത്തിവച്ചപ്പോള്‍ കെ. പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ. മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നിര്‍ദേശം നല്‍കിയത്. എം.പിമാരുടെ പരാതിയെ തുടര്‍ന്നാണ് പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്റെ ചുതലയുള്ള താരിഖ് അന്‍വര്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നിര്‍ദേശം നല്‍കിയത്. പുനസംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.
പാര്‍ട്ടി പുനസംഘടനക്കെതിരെ നേരത്തെ എ,ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുനസംഘടന വേണ്ടെന്ന് കെ.പി.സി.സി യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിന് അന്ന് വഴിവെച്ചിരുന്നു.
എന്നാല്‍ കെ.പി.സി.സി പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്‍ഡ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു സുധാകരന്‍. ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കവെ ആണ് ചര്‍ച്ചകളില്‍ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം.പിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചത്.