കുറ്റ്യാടിയില്‍ സ്‌നേഹ തള്ളല്‍ ആയാലും സ്‌നേഹത്തല്ലല്‍ ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും; ഈ പ്രവണത അവസാനിപ്പിക്കണം: കെ.മുരളീധരന്‍

തൃശൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കുറ്റ്യാടിയിലെ സ്വീകരണ വേദിയിലുണ്ടായ നാടകീയ രംഗങ്ങളില്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്തെത്തി. ചാനലുകളില്‍ മുഖം കാണിക്കാന്‍ വേണ്ടിയുള്ള ഇത്തരം ‘തള്ളലുകളെ’ ജനങ്ങള്‍ പരിഹാസത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്‌നേഹത്തിന്റെ പേരിലായാലും തല്ലിന്റെ പേരിലായാലും ഇത്തരം പ്രവണതകള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും, തെരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോള്‍ പ്രധാനമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.

കുറ്റ്യാടിയിലെ സ്വീകരണ വേദിയില്‍ വടകര എം.പി ഷാഫി പറമ്പിലും പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ പിടിവലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. പത്ത് മണിക്ക് നിശ്ചയിച്ച പരിപാടി ഒന്നര മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. സമയക്കുറവ് മൂലം മറ്റു നേതാക്കളുടെ പ്രസംഗം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, ഷാഫി പറമ്പില്‍ സംസാരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതോടെ ഷാഫിയെ ക്ഷണിക്കാന്‍ മൈക്കിന് മുന്നിലെത്തിയ ജില്ലാ നേതാവ് പ്രമോദ് കക്കട്ടിലിനെ ഷാഫി തടയാന്‍ ശ്രമിച്ചതാണ് വിവാദമായത്.

എന്നാല്‍ ഈ സംഭവത്തെ ‘സ്‌നേഹത്തള്ളല്‍’ എന്ന് വിശേഷിപ്പിച്ച് ലഘൂകരിക്കാനാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ക്കിടയിലെ ആവേശവും സ്‌നേഹവും പ്രകടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ തിക്കും തിരക്കും മാത്രമാണിതെന്നും ഇതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നം മാത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.

താന്‍ പ്രസംഗിക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നും വടകരയിലെ അടുത്ത സ്വീകരണ പരിപാടിയില്‍ കൃത്യസമയത്ത് എത്തേണ്ടതിനാലും സമയപരിമിതി മൂലവുമാണെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. താന്‍ സംസാരിക്കുന്നതിനേക്കാള്‍ മുന്‍ഗണന നിശ്ചയിച്ച സമയക്രമം പാലിക്കുന്നതിനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും, നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്കുള്ളിലെ ഇത്തരം പരസ്യമായ അസ്വാരസ്യങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിലപാടിലാണ് കെ. മുരളീധരന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News