‘ആര് എവിടൊക്കെ മതിലുചാടുന്നെന്ന് ആർക്കറിയാം’ രാഹുലിനെ കൈവിട്ട് കെ.മുരളീധരനും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടതില്ലെന്ന മുന്‍നിലപാട് മയപ്പെടുത്തി കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. ആര്‍ക്കും ആരെക്കുറിച്ചും മുന്‍കൂട്ടി ധാരണയ്ക്കുള്ള സാധ്യതകളില്ലെന്നും പലര്‍ക്കുമുള്ള പല അസുഖങ്ങൾ എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. അതൊക്കെ ഈ രോഗം പുറത്തുവരുമ്പോഴല്ലേ അറിയൂ എന്നും മുരളീധരൻ പറഞ്ഞു.

കുറ്റാരോപിതനെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ല. അതേസമയം, കാര്യങ്ങള്‍ ബോധ്യപ്പെടുകയും വേണം. ഇതുവരെ ആരും പരാതി ഔദ്യോഗികമായി നല്‍കിയിട്ടില്ല. എന്നാല്‍, പോലീസിനെ സംബന്ധിച്ച്, അവര്‍ക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാം. ഏതായാലും പാര്‍ട്ടി ഇക്കാര്യം വളരെ ഗൗരവത്തോടെ കാണുന്നുണ്ട്. എല്ലാ കാര്യങ്ങളേക്കുറിച്ചും ആലോചിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കും, അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

രാഹുലിന് സ്ഥാനാര്‍ഥിത്വം നല്‍കിയതിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു വിശാലമായ സമീപനം സ്വീകരിക്കുകയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. നല്ലൊരു ചെറുപ്പക്കാരനാണ്, ഭാവിയുള്ള ആളാണ്. അങ്ങനെയുള്ള വ്യക്തിയെ നിയമസഭയിലെത്തിക്കണമെന്നത് പാര്‍ട്ടിയുടെ വികാരമായിരുന്നു. അത് അനുസരിച്ചാണ് പാര്‍ട്ടി അന്ന് ആ തീരുമാനമെടുത്തത്. അതില്‍ ഭയക്കേണ്ട കാര്യമില്ല. ഇവിടെ ബിജെപിയുടെ എംഎല്‍എ വേണമെന്ന് എല്‍ഡിഎഫിന് നിര്‍ബന്ധമില്ലെങ്കില്‍ ബിജെപി ജയിക്കാന്‍ പോകുന്നില്ല. ഇനി തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. ഇതുപോലത്തെ വിഷയങ്ങള്‍ എങ്ങനെയാണ് മുന്‍കൂട്ടി കാണാന്‍ കഴിയുക. ആര് എവിടൊക്കെ മതിലുചാടുന്നുവെന്ന് ആര്‍ക്കാണ് അറിയുകയെന്നും മുരളീധരന്‍ ചോദിച്ചു.

ആരോപണം ഉയര്‍ന്നപ്പോള്‍, എഴുതി നല്‍കിയ പരാതി ഇല്ലാത്ത സാഹചര്യത്തില്‍ പോലും പൊതുരംഗത്തെ ധാര്‍മികയുടെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. തുടര്‍നടപടികളൊന്നും വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം വന്ന ചില ശബ്ദരേഖകള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ആധികാരികതകൂടി പരിശോധിക്കേണ്ടതുണ്ട്. കാര്യങ്ങളേക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കും. ഒരിക്കലും പാര്‍ട്ടി കുറ്റാരോപിതരെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ല. എന്നാൽ, കാര്യങ്ങള്‍ ബോധ്യപ്പെടുകയും വേണമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നൽകിയ പ്രതികരണത്തില്‍ രാഹുല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാല്‍ പാര്‍ട്ടി അതനുസരിച്ച് കാര്യഗൗരവത്തില്‍ കൈകാര്യം ചെയ്യുമെന്നും ഇപ്പോള്‍ പരാതി എഴുതിത്തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എഴുതിനല്‍കിയ പരാതി ഇല്ലാത്തിടത്തോളംകാലം ഒരു എഎല്‍എയെ കൊണ്ട് രാജിവെപ്പിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ അങ്ങനൊരു തീരുമാനം പാര്‍ട്ടിയുടെ മുന്നിലില്ല. എഴുതിനല്‍കിയ പരാതി ഇല്ലാത്ത സാഹ്യചര്യത്തില്‍ എംഎല്‍എയെ രാജിവെപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News