കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചരത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായി കെ. മുരളീധരന്‍. ഹെലികോപ്റ്റര്‍ ഉപയോഗവും ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ മത്സരിച്ചത് പണം കടത്താനായിരുന്നു. സംഭവത്തില്‍ ബിജെപി കേന്ദ്ര നേതൃത്വവും ഉത്തരവാദികളാണ്. വിഷയത്തില്‍ സമഗ്രഹ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയാണ് ചോദ്യം ചെയ്യുക. ഇന്ന് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ദിപിന് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇന്നാണ് അറിയിച്ചത്. അതിനാല്‍ തന്നെ അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നു നിരവധി തവണ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്.
കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍. വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.