തിരുവനന്തപുരം: കെഎം മാണി ഫോര്‍ ബഡ്ജറ്റ് റിസർച്ചിന്റെ ഈ വര്‍ഷത്തെ കെ എം മാണി മെമ്മോറിയൽ എവര്‍ റോളിങ് ട്രോഫി കുറവിലങ്ങാട് ദേവമാത കോളേജിന്. കേരളത്തിലെ ചെറുകിട കാര്‍ഷിക സാമ്പത്തിക മേഖലയില്‍ കോവിഡ് മഹാമാരിയുടെ സ്വാധീനത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ച കോട്ടയം കുറവിലങ്ങാട് ദേവമാത കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ അനു പി. മാത്യുവിനാണ് ഒന്നാം സമ്മാനം. എവര്‍ റോളിങ് ട്രോഫിയും 10000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം.
രണ്ടാം സമ്മാനം നേടിയത് മഹാമാരി കാലത്ത് ചെറുകിട വ്യാപാരികളുടെ പുതിയ നിക്ഷേപ തീരുമാനങ്ങളെ സംബന്ധിച്ചുള്ള പ്രബന്ധത്തിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ മെര്‍ലിന്‍ സെബാസ്റ്റ്യനാണ്. മൂന്നാം സമ്മാനം കേരള യൂണിവേഴ്‌സിറ്റിയിലെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ്) ഷാരോണ്‍ ജോസും സൂര്യ തമ്പിയും (മഹാമാരി കാലത്തെ സാമൂഹിക കരുതല്‍ : ഐസൊലേഷന്‍ സമയങ്ങളില്‍ ആവശ്യമുള്ളത്), ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ഹിമ ബഷീര്‍ എംപിയും ( വിഷയം : ചെറുകിട കാര്‍ഷകാരുടെ സാമ്പത്തിക സാമൂഹിക ജീവിതത്തില്‍ കോവിഡ് സൃഷ്ടിച്ച ആഘാതം ) പങ്കുവച്ചു.
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കെഎം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ച് ചെയര്‍പേഴ്‌സണ്‍ നിഷാ ജോസ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് സ്‌പോണ്‍സര്‍ ചെയ്തത് ജോസ്‌കോ ജൂവലേഴ്‌സ് ആണ്. കെ എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ച് സെക്രട്ടറി റോബിന്‍ റോയി മേപ്പുറം, അഡൈ്വസര്‍ എം ജി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ബാബു മൈക്കിള്‍, ദേവമാതാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡിനോയി മാത്യു, ഒന്നാം സമ്മാന ജേതാവ് അനുവിന്റെ പിതാവ് മുന്‍ എംഎല്‍എ പി എം മാത്യു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കുസാറ്റ് കൊച്ചി ആയിരുന്നു കഴിഞ്ഞ തവണത്തെ ജേതാക്കള്‍.