തിരുവനന്തപുരം: കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാമിനെ പ്രേരിപ്പിച്ചുവെന്നാണ് കുറ്റം.
എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാമിന്റെ വാദം
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.
അപകട ദിവസം കെ.എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്.