കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും)കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെകെ ഷൈലജ ടീച്ചർ വിമർശിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീ നാരായണ ഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ഇടതുപക്ഷ ചിന്തകരും സമൂഹത്തിൽ നവോത്ഥാന ആശയങ്ങൾ സന്നിവേശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തെ ഒട്ടേറെ മുന്നോട്ട് നയിക്കാൻ കാരണമായിട്ടുണ്ടെന്നും അവർ പറഞ്ഞു.
സമൂഹത്തെ പിന്നോട്ടു നയിക്കാൻ കാരണമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ മുന്നോട്ടുവരണം. ഇത്തരം അന്ധ വിശ്വാസത്തിന്റെ മറ്റൊരു പതിപ്പാണ് യു.പി യിലെ ഹത്റസിൽ ആൾദൈവത്തിൻറെ കാൽക്കീഴിലെ മണ്ണ് തേടി ലജ്ജാകരമാംവിധം മരണത്തിലേക്ക് കുതിച്ച മനുഷ്യരുടെ കഥയെന്നും ഷൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. വീഡിയോ ചർച്ചയായതോടെ കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പരിഹാസവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തന്നെ ഇല്ലാതാക്കാന്‍ കൂടോത്രം ചെയ്തെന്നാണ് കോണ്‍ഗ്രസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ നയിക്കുന്ന കെ സുധാകരന്റെ നിലവിളിയെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. മിഥുനം സിനിമയിലെ നെടുമുടി വേണുവും ഇന്നസെന്‍റും ജഗതി ശ്രീകുമാറും മോഹൻലാലും ചേര്‍ന്നപ്പോള്‍ ചിരിച്ച് മറിഞ്ഞ സീനിലെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു എം എം മണി പ്രതികരിച്ചത്.