കുവൈത്ത്: കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് അവർ പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
‘‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓർഡർ നൽകി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകൾ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്’’– അവർ പറഞ്ഞു. പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.
‘‘കെഎംസിഎല്ലിന്റെ പ്രവർത്തകർ പിപിഇ കിറ്റ് തീരാൻ പോവുകയാണെന്നും വാങ്ങിയില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ അപകടത്തിലാകുമെന്നും പറഞ്ഞു. ഞാൻ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കാൻ പറഞ്ഞു. പക്ഷേ, ഗുണനിലവാരവും ഉറപ്പാക്കണമെന്നും നിർദേശിച്ചു. മാർക്കറ്റിൽ പിപിഇ കിറ്റിന്റെ വില വർധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പിപിഇ കിറ്റ് 1500 രൂപയായി. ഞാൻ മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോദിച്ചു. പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തിൽ 50,000 പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. 15,000 പിപിഇ കിറ്റ് വാങ്ങിയപ്പോഴേക്കും മാർക്കറ്റിൽ വില കുറയാൻ തുടങ്ങി. തുടർന്ന് 35,000 പിപിഇ കിറ്റിന്റെ ഓർഡർ റദ്ദാക്കി. പിന്നീട് മാർക്കറ്റിൽ വരുന്ന വിലയ്ക്ക് വാങ്ങി’’– ശൈലജ വ്യക്തമാക്കി.
ഇന്നലെയാണ് കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നൽകിയത്. ശൈലജ നേരിട്ടോ വക്കീൽ മുഖാന്തരമോ ഡിസംബർ 8നു ഹാജരാകണമെന്നാണ് നിർദേശം. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന വീണ എസ്.നായരാണു പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.
കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയാണു പരാതി. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കു നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെത്തുടർന്നാണു കേസ് ഫയലിൽ സ്വീകരിച്ചത്.