കൊച്ചി:കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം റിലീസ് ആയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതോടൊപ്പം തന്നെ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന പ്രകടനമാണ് ലിജോമോള്‍ ജോസ് കാഴ്ചവെച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ലിജോമോള്‍ ജോസിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണത്.
ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങ്ങള്‍ നാം കാണുന്നുണ്ടെന്ന് കെ കെ ഷൈലജ പറയുന്നു. ജയ് ഭീമെന്ന ചിത്രം കണ്ട കെ കെ ഷൈലജ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. സമഭാവനയുടെ കണിക പോലും മനസ്സില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്ത പോലീസ് മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്.
അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പൊലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമില്‍ കണ്ട ഭീകര മര്‍ദ്ദനമുറകള്‍ക്കാണ്. സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമേറിയ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതര്‍ക്ക് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യം മൂലമാണ്. ജയ് ഭീമെന്ന ചിത്രത്തിനെ കുറിച്ച് എഴുതിയ കുറിപ്പിലാണ് കെ കെ ഷൈലജ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ് പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും. ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക കരുത്തുറ്റ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു.
രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍ മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മഞ്ഞു പോകില്ല. പ്രകാശ് രാജും പൊലിസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം. മാര്‍ക്‌സാണ് എന്നെ അംബേദ്കറില്‍ എത്തിച്ചതെന്നു പറഞ്ഞ യഥാര്‍ഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിര്‍മ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദിയെന്നും കെ കെ ഷൈലജ എഴുതുന്നു.