‘ക്രമീകരണത്തില്‍ പാളിച്ചപറ്റി,എല്ലാവരും ഒരുമിച്ച് വരുന്ന സ്ഥിതിയുണ്ടായി; സ്‌പോട്ട് ബുക്കിങ് പരിശോധിക്കും: കെ.ജയകുമാര്‍

ശബരിമല: സന്നിധാനത്തെ വന്‍ ഭക്തജനത്തിരക്കില്‍ ആശങ്ക അല്പംമാറിയിട്ടുണ്ടെന്നും പേടിക്കാനില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. കഴിയുന്നതും ഭക്തരെല്ലാം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

രാവിലെ മുതലേ ജനക്കൂട്ടമുണ്ട്. അത് കണ്ടപ്പോള്‍ അസ്വാഭാവികമായി തോന്നി. പ്രത്യേകസാഹചര്യത്തില്‍ ബെയ്‌ലി പാലത്തിലൂടെ ഭക്തരെ കടത്തിവിട്ടതിനാലാണ് ഇതുണ്ടായത്. അതില്‍ ആശങ്കവേണ്ട. അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ 70,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഒരുദിവസം വരുന്നത്. 25,000-ഓളം പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയും വരുന്നു. അതിനാല്‍ വരുന്നവരുടെ എണ്ണം കൃത്യമായി അറിയാം. പക്ഷേ, ഈ ഒരുലക്ഷത്തോളം പേര്‍ ഒരുമിച്ച് വന്നാല്‍ ശബരിമലയ്ക്ക് അത് ഉള്‍ക്കൊള്ളാനാകില്ല. അവിടെ ക്രമീകരണത്തില്‍ പാളിച്ച പറ്റിയെന്നാണ് തോന്നുന്നത്. ഒരുമിച്ച് എല്ലാവരും വരുന്ന സ്ഥിതിയുണ്ടായെന്നും കെ. ജയകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇവിടെത്തെ നിലവിലെ സ്ഥിതിയനുസരിച്ചേ നിലയ്ക്കലില്‍നിന്ന് ഭക്തരെ കടത്തിവിടാവൂ എന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലും നീലിമലയിലും ഭക്തരെ പിടിച്ചുനിര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്യൂ കോംപ്ലക്‌സുകള്‍ നാളെമുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. 20,000 പേരെ അതില്‍ ഉള്‍ക്കൊള്ളാനാകും. സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തും. അങ്ങനെയല്ലാതെ സ്‌പോട്ട് ബുക്കിങ് കൊടുത്തോ എന്ന് സംശയമുണ്ട്. അത് പരിശോധിക്കണം.

മറ്റൊരുകാര്യം, പതിനെട്ടാംപടിയിലെ കയറ്റത്തിന്റെ പ്രശ്‌നമാണ്. ഒരുമിനിറ്റില്‍ 90 പേര്‍ കയറിയാല്‍ പെട്ടെന്ന് ആളുകള്‍ക്ക് പോകാം. ഭക്തര്‍ക്ക് കുടിവെള്ളവും ബിസ്‌കറ്റും നല്‍കാന്‍ 200 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. ക്യൂ കോംപ്ലക്‌സില്‍ വിശ്രമിക്കാന്‍ സൗകര്യമുണ്ടെന്ന് പ്രചാരണം നടത്തും. അവര്‍ക്ക് ചായയടക്കം നല്‍കും. കേന്ദ്രസേനയിലെ 50 അംഗങ്ങള്‍ ബുധനാഴ്ച വരുമെന്നാണ് അറിയിപ്പ് കിട്ടിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News