ഷൈനിന് എതിരായ സൈബര്‍ അധിക്ഷേപം; ഗോപാലകൃഷ്ണന്റെ ഫോണ്‍ പിടിച്ചെടുത്തു

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ ഒന്നാം പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ പറവൂരിലുള്ള വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. തുടർന്ന്, ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഈ കേസിൽ പോലീസ് ഒരാളെക്കൂടി പ്രതി ചേർത്തിട്ടുണ്ട്. 'കൊണ്ടോട്ടി അബു' എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ഉടമയായ യാസിറിനെയാണ് പുതുതായി പ്രതി ചേർത്തത്. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്. 'കൊണ്ടോട്ടി അബു' എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് യാസിറിനെ കേസിൽ പ്രതി ചേർത്തതെന്ന് പോലീസ് വ്യക്തമാക്കി.

കെ.എം. ഷാജഹാനാണ് കേസിൽ രണ്ടാം പ്രതി. ഒന്നാം പ്രതി ഗോപാലകൃഷ്ണൻ ഒളിവിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ ലഭിക്കുന്ന വിവരം. ഇയാൾ നാളെ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ പോലീസ് തുടർനടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ ആളുകളെ കേസിൽ പ്രതി ചേർത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News