KeralaNews

‘മോദിജിയുടെ ഒരു നയത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല, അങ്ങിനെ സംഭവിച്ചു!’; കുറിപ്പ്

ന്യൂഡല്‍ഹി: യുക്രൈന്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിന് അഭിനന്ദന പ്രവാഹമാണ്. വൊളോഡിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് മോദി ഇന്ത്യയുടെ വേദന അറിയിച്ചിരുന്നു. അക്രമം ഉടന്‍ അവസാനിപ്പിച്ച് ചര്‍ച്ച തുടങ്ങണമെന്നതാണ് ഇന്ത്യയുടെ നിലപാട്. നരേന്ദ്ര മോദിയുടെ നിലപാട് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെ പോലും കൈയ്യടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.ജെ ജേക്കബും അത്തരമൊരു നിരീക്ഷണമാണ് നടത്തുന്നത്. മോദിജിയുടെ ഒരു നയത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘യുക്രൈന്‍ ആക്രമണത്തിന് റഷ്യയെ അപലപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. മനുഷ്യ ജീവന്‍ വിലകൊടുത്ത് ഒരു പ്രശ്‌നപരിഹാരവും സാധ്യമല്ല. എല്ലാ അംഗരാജ്യങ്ങളും ഇക്കാര്യം ഓര്‍ത്തിട്ടുവേണം സൃഷ്ടിപരമായ പരിഹാരങ്ങള്‍ക്കു ശ്രമിക്കാന്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യ ആ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. തലയ്ക്കു വെളിവുള്ള വെളിവുള്ള ആളുകള്‍ ചെയ്യുന്നതേ അമേരിക്കന്‍ പ്രമേയത്തോട് ഇന്ത്യയ്ക്കും ചെയ്യാനുള്ളൂ. അത് ചെയ്തു’, ജേക്കബ് വ്യക്തമാക്കി.

കെ.ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മോദിജിയുടെ ഒരു നയത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. പക്ഷെ അങ്ങിനെ സംഭവിച്ചു! യുക്രൈന്‍ ആക്രമണത്തിന് റഷ്യയെ അപലപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു ഇന്ത്യ വിട്ടുനിന്നു. ”മനുഷ്യ ജീവന്‍ വിലകൊടുത്തു ഒരു പ്രശ്‌നപരിഹാരവും സാധ്യമല്ല. എല്ലാ അംഗരാജ്യങ്ങളും ഇക്കാര്യം ഓര്‍ത്തിട്ടുവേണം സൃഷ്ടിപരമായ പരിഹാരങ്ങള്‍ക്കു ശ്രമിക്കാന്‍” എന്ന് പറഞ്ഞിട്ടുതന്നെയാണ് വിട്ടുനിന്നത്.

അപ്പോള്‍പ്പിന്നെ വിട്ടുനിന്നതെന്തിന്? സ്വയം പ്രതിരോധത്തിനോ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുമതിയോടെയോ ആയിരുന്നില്ല പണ്ട് അമേരിക്ക ഇറാഖിനെ ആക്രമിച്ചത്. അതുകൊണ്ട് ഫ്രാങ്കോപിതാവും റോബിന്‍അച്ചനുംകൂടി സ്ത്രീ സുരക്ഷയെപ്പറ്റി പ്രമേയം അവതരിപ്പിക്കുമ്പോള്‍ തലയ്ക്കു വെളിവുള്ള വെളിവുള്ള ആളുകള്‍ ചെയ്യുന്നതേ അമേരിക്കന്‍ പ്രമേയത്തോട് ഇന്ത്യയ്ക്കും ചെയ്യാനുള്ളൂ: വിട്ടുനില്‍ക്കുക. അത് ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരണയുണ്ട് എന്ന് വോട്ടിനുശേഷം അമേരിക്ക പ്രതികരിച്ചിട്ടുണ്ട്. സെലന്‍സ്‌കി മോദിജിയെ വിളിച്ചു സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മോസ്‌കോയിലും ഇന്ത്യയുടെ വില ഇത്തിരി ഉയര്‍ന്നുകാണണം.


രണ്ട് വന്‍ശക്തികളും അവയുടെ ചുറ്റുമുള്ള ഉപഗ്രഹങ്ങളും ചേര്‍ന്ന് അനീതി നടത്തുമ്പോള്‍ ഇത്തിരി മാറി നടന്നു വഴിയും നേരും തിരയുന്ന നിസ്വനായ മൂന്നാംലോക രാജ്യത്തിന്റെ ധാര്‍മ്മിക ശക്തി ഉയര്‍ത്തിക്കാണിച്ച പാരമ്പര്യം നമുക്കുണ്ട്. അത് തുടങ്ങിവച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ആ വഴിയേ പോകാന്‍ മോദിജി ധൈര്യം കാണിച്ചിരിക്കുന്നു!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button