തൃശൂര്‍: കെ- റെയിലുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കെ റെയില്‍ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്താണെന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കെ റെയില്‍ ടിക്കറ്റ് നിരക്ക് താന്‍ പറഞ്ഞിട്ടില്ലെന്നും താരതമ്യേന കുറവാണ് എന്നാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനകീയ പ്രതിരോധ ജാഥ പതിനാലാം ദിനത്തില്‍ തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്താവന യാഥാര്‍ഥ്യത്തില്‍നിന്ന് വളരെ ദൂരെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘അപ്പം കൊണ്ടുപോയി വിറ്റ് വരാം. സാധിക്കും. മൗലികമായ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞോളൂ. ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി പറയാം.’- എന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
പാലക്കാട് തൃത്താലയിലെ ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വിധേയമായ എം.വി. ഗോവിന്ദന്റെ പ്രസ്താവന. കെ റെയില്‍ നിലവില്‍ വന്നാല്‍, പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെ പരിഹാസവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.