തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂ; കെ സുധാകരനെ തള്ളാതെ കെ സി വേണുഗോപാലിന്റെ പ്രതികരണം. മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ തന്റെ നിലപാട് അറിയിച്ചു കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പൊതുജനമധ്യത്തില്‍ എടുത്തിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ പാര്‍ട്ടിക്ക് ഒരു ലീഡര്‍ഷിപ്പ് ഉണ്ടെന്നും കെസി പറഞ്ഞു. അതേസമയം, കെസിയെ പ്രശംസിച്ചു കൊണ്ടുള്ള കെ സുധാകരന്റെ പോസ്റ്റിലും കെസി പ്രതികരിച്ചു. എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാതെ ഇരിക്കുകയാണ് നല്ലതെന്നും കെസി പ്രതികരിച്ചു. സുധാകരന്‍ മാത്രമല്ല അഭിപ്രായം പറഞ്ഞത്. സ്മൂത്തായി കാര്യങ്ങള്‍ നടക്കും. പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളുണ്ട്.

നേതാക്കളുമായി ചര്‍ച്ച ഉണ്ടാകും. ഒന്നിച്ചു തീരുമാനം എടുക്കും. ഞാന്‍ മുന്‍പേ എന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഫലം വരുന്ന വരെ കാത്തിരിക്കുകയാണെന്നും നേതാക്കളെല്ലാം വളരെ ശാന്തരായിരിക്കുകയാണെന്നും കെസി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്‌നം നില്‍ക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍ താന്‍ തല്പരനല്ലെന്നും ഇത്തരം പൊതു ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും കെസി ആവശ്യപ്പെട്ടു.

നേരത്തെ കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. മുതിര്‍ന്ന നേതാക്കള്‍ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണമെന്ന പറഞ്ഞ സണ്ണി ജോസഫ് ഇതല്ല സമയമെന്നും അഭിപ്രായം പറയേണ്ട സമയം ഇതല്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി.

കെസിയെ പിന്തുണച്ചുള്ള നീക്കത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ദീപ ദാസ് മുന്‍ഷി നിര്‍ദേശം നല്‍കി എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനിടെ മൂന്നാഴ്ച്ച മുമ്പ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വ്യക്തിപരമായി നിര്‍ദേശിച്ച കെ സുധാകരന്റെ നിലപാട് മാറ്റവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

കെ.സി.വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന കാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ഇപ്പോള്‍ കെ സുധാകരന്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ടാണ് സുധാകരന്റെ പൂഴിക്കടകന്‍ എന്നാണ് സൂചന. മുഖ്യമന്ത്രി കസേരയെ ചൊല്ലി പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് പുല്ലുവില നല്‍കി സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി. ആരെ മുഖ്യമന്ത്രിയാക്കിയാലും സതീശന് നല്‍കരുതെന്ന വ്യക്തമായ സൂചനകളാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി നടത്തിയ അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ വ്യക്തമാകുന്നത്.

കണ്ണൂരില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള സുധാകരന്റെ മോഹത്തിന് തടയിട്ടത് സതീശനാണെന്ന് സുധാകരന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ട എന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നില്‍ സതീശന്റെ കടുംപിടിത്തമാണെന്നാണ് സുധാകരന്‍ അനുകൂലികള്‍ പറയുന്നത്. സുധാകരനെ വെട്ടുക മാത്രമാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നും അവര്‍ പറയുന്നു. കൂടാതെ കണ്ണൂരില്‍ ടി.ഒ.മോഹനനെ സ്ഥാനാര്‍ഥിയാക്കിയതിലും സുധാകരന്റെ അഭിപ്രായം പരിഗണിക്കാതെയാണ്.

കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലും സതീശനുമായി അത്ര സുഖത്തിലായിരുന്നില്ല കെ സുധാകരന്‍. പലപ്പോഴും ഇത് പരസ്യമായി തര്‍ക്കത്തിലേക്കെത്തുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റില്‍ കൂടുതല്‍ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നുമുള്ള വി.ഡി.സതീശന്‍ പറഞ്ഞതിനോട് പരിഹാസ ചുവയോടെയാണ് സുധാകരന്‍ പ്രതികരിച്ചിരുന്നത്. അദ്ദേഹം വനവാസത്തിന് പോകേണ്ടി വരുമല്ലോ എന്നും വാക്ക് പാലിക്കുന്നയാളാണ് സതീശനെന്നും സുധാകരന്‍ പറയുകയുണ്ടായി.

സതീശനെതിരെ ഒളിയമ്പുമായിട്ടാണ് കെ.സി.വേണുഗോപാലിനെ പുകഴ്ത്തിക്കൊണ്ടുള്ള സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റും. ‘ഒരു നേതാവിന്റെ മഹത്വം പദവികളില്‍ അല്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളര്‍ന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകള്‍ക്ക് മറുപടി നല്‍കാനും കഴിയൂ’ ഈ വരികള്‍ സതീശനെ ഉന്നമിട്ടാണെന്ന് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തന്റെ ആദ്യ ചോയ്സായിരുന്ന രമേശ് ചെന്നിത്തലയെ കുറിച്ച് സുധാകരന്‍ പോസ്റ്റില്‍ പ്രത്യേകമായി പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News