ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചത് സുധീരന്‍; ബാര്‍ പൂട്ടാനുള്ള നയം എഴുതാന്‍ പേപ്പറും പേനയും തന്നത് മുഖ്യമന്ത്രി! ആര്‍ക്കും ബാറുകള്‍ പൂട്ടാന്‍ താല്പര്യമില്ലായിരുന്നു; ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള തീരുമാനം എല്ലാവരെയും ഞെട്ടിച്ചു; ബാര്‍കോഴയ്ക്ക് പിന്നിൽ നടന്നത്; ആഞ്ഞടിച്ച് കെ.ബാബു

കൊച്ചി: സജീവ രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങുന്ന വേളയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിടിച്ചുലച്ച ബാര്‍കോഴ വിവാദങ്ങളിലും ഗ്രൂപ്പ് പോരുകളിലും നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ മന്ത്രി കെ. ബാബു. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ കടുംപിടുത്തങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴ വിവാദം, വി.എം. സുധീരനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍, സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്‍മാറ്റം എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചതെന്ന് കെ. ബാബു പറഞ്ഞു. തന്റെ രാഷ്ട്രീയ പരാജയത്തിന് പിന്നില്‍ സുധീരന്റെ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട്. 2016-ലെ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കുന്നതിനെ സുധീരന്‍ എതിര്‍ത്തപ്പോള്‍, ബാബുവിനില്ലെങ്കില്‍ താനുമില്ലെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബാര്‍കോഴ വിവാദം കത്തിയപ്പോള്‍ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാനുള്ള നയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിപ്പിച്ചു തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം എഴുതിപ്പിക്കുകയായിരുന്നുവെന്ന് ബാബു വെളിപ്പെടുത്തി. ആര്‍ക്കും ബാറുകള്‍ പൂട്ടാന്‍ താല്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള ഈ തീരുമാനം എല്ലാവരെയും ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. എക്‌സൈസ് വകുപ്പ് ഒഴിയാന്‍ താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ഉമ്മന്‍ചാണ്ടി അത് അനുവദിച്ചില്ല.

പരേതനായ കെ.എം. മാണിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണ്. ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ താന്‍ കണ്ടിട്ടില്ലെന്ന് കെ.എം. മാണി പറഞ്ഞപ്പോള്‍ താന്‍ ക്ഷോഭിച്ചതായും പിന്നീട് അദ്ദേഹം ആ ഫയലുകള്‍ കാണാതെ തന്നെ തീരുമാനമെടുത്തതായും ബാബു ആരോപിച്ചു.

വിജിലന്‍സ് റെയ്ഡിന് പിന്നില്‍ അന്നത്തെ വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് തന്നോടുള്ള വ്യക്തിപരമായ പകയായിരുന്നു. ഈ റെയ്ഡിലൂടെ തന്നെ ഒരു അഴിമതിക്കാരനായി പൊതുസമൂഹത്തില്‍ മുദ്രകുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1991-ല്‍ തൃപ്പൂണിത്തുറയില്‍ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ത്ത് എം.എം. ലോറന്‍സിനെ പരാജയപ്പെടുത്തിയാണ് താന്‍ നിയമസഭയിലെത്തിയതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഏഴുതവണ മത്സരിച്ചതില്‍ ആറുതവണയും വിജയിച്ച താന്‍ ഇത്തവണ സ്വയം പിന്മാറുകയായിരുന്നു. എംഎല്‍എയോ മന്ത്രിയോ ആകാന്‍ വേണ്ടിയല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും ഇനി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പിന്‍മാറ്റത്തെ അഭിനന്ദിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും യുവനേതാക്കളുടെ ഭാവിയെക്കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News