കൊട്ടാരക്കര: കുട്ടിയ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് എത്തിയ കോൾ സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കൊട്ടാരക്കര എംഎൽഎ ഗണേഷ് കുമാര്‍. അത് പരിശോധിച്ച് വരികയാണ്. ഫോൺ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധനകൾ നടക്കുകയാണ്. ഡിവൈഎസ്പിയും എസ്പിയും സ്റ്റേഷനിൽ തന്നെയുണ്ട്. വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫോൺ കോൾ വന്നത്. വ്യാപകമായ അന്വേഷണവും പരിശോധനകളും നടക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ വാഹനത്തെ കുറിച്ച് സൂചനയുണ്ട്. അതിന് പിന്നിൽ ഒരു സംഘം പൊലീസുണ്ട്. ഞാൻ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. എസ്പിയുമായി സംസാരിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.
4.45 -ഓടെ തട്ടിക്കൊണ്ടപോയ സംഭവം ഉണ്ടായി അഞ്ച് മണിയോടെ ഞാൻ അറിഞ്ഞു. തുറവുഞ്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളിച്ചിരുന്നു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞു. അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എസ്പിഎയേയും ഡിവൈഎസ്പിയേയും വിളിച്ച് അലര്‍ട്ട് ചെയ്തിരുന്നു. അപ്പോൾ ത്നെ എസ്ഐ അന്വേഷണത്തിന് പോയതായി പറഞ്ഞിരുന്നു.
അഞ്ചേകാലോടെ തന്നെ പൊലീസ് അലര്‍ട്ടായിരുന്നു. എല്ലായിടത്തേക്കും വയര്‍ലെസ് സന്ദേശം കൈമാറിയിരുന്നു. സഹോദരൻ പറയുന്നത് വണ്ടി അവിടെ പാര്‍ക്ക് ചെയ്തിരുന്നു എന്നാണ്. എന്നിട്ടും ആ കുട്ടിയെ പിടിക്കാതെ ചെറിയ കുട്ടിയെ മാത്രമാണ് പിടിച്ച് കൊണ്ടുപോയത്.വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ വലിയ ക്രിമിനലായിരിക്കും അത്. അല്ലാതെ പിഞ്ചുകുഞ്ഞിനോട് അങ്ങനെ കാണിക്കാനാകില്ല. നമ്മളെല്ലാം ആകെ വിഷമത്തിലാണെന്നും ഗണേഷ് പറഞ്ഞു.
കൊല്ലം ഓയൂരിൽ 6 വയസുകാരിയെ ആണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭിഗേൽ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. എംസി റോഡ് ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.