KeralaNews

തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കി കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി കെ.ബി ഗണേഷ് കുമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.

തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വലിയ താരങ്ങളെ പ്രചാരണത്തിന് എത്തിക്കാത്തത് കൊവിഡ് വ്യാപനം ഭയന്നാണ്. കൊട്ടിക്കലാശം ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം നല്ല കാര്യമെന്നും ഗണേഷ് കുമാര്‍പറഞ്ഞു.

അതേസമയം താന്‍ ദൈവവിശ്വാസിയാണ് മതവിശ്വാസിയല്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗണേഷ് കുമാര്‍ എന്‍.എസ്.എസ് ഒക്കെ വിട്ട് പെന്തകോസ്തിലേക്ക് പോയെന്ന പ്രചാരണത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം. താന്‍ മതവിശ്വാസിയല്ലെന്നും ദൈവവിശ്വാസിയാണെന്നും അദ്ദേഹം മറുപടി നല്‍കി.

‘ഞാന്‍ മതവിശ്വാസിയല്ല. ദൈവവിശ്വാസിയാണ്. എന്റെ അമ്മ പോലും യേശുക്രിസ്തുവിനെ ആഴത്തില്‍ ആരാധിച്ചിരുന്നയാളാണ്. അച്ഛനും ഒരു മതേതരസ്വഭാവമുള്ളയാളാണ്. എല്ലാ മതവിഭാഗത്തിന്റെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അത് ഒരു എം.എല്‍.എയുടെ കടമയാണ്. പലപ്പോഴും സ്ത്രീപക്ഷ വിരുദ്ധനായി പല ചാനലുകളും എന്നെ അവതരിപ്പിക്കാറുണ്ട്. കാണുമ്പോള്‍ ചിരി വരും. മാനസികമായി സ്ത്രീപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍,’ ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണമെന്നും മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട് എത്തി മോഹന്‍ലാല്‍ ഗണേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കുറി വീഡിയോ സന്ദേശമായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button