KeralaNews

മന്ത്രിസഭാ രൂപീകരണം:സി.പി.എം വകുപ്പുകള്‍ക്കും മാറ്റം,കെ.ബി ഗണേഷ് കുമാറിനും ആന്റണി രാജുവിനും മന്ത്രി സ്ഥാനം നല്‍കിയേക്കും,ഇടതുസര്‍ക്കാരില്‍ 21 മന്ത്രിമാര്‍

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ടെയ്ത് അധികാരമേറ്റെടുക്കാന്‍ ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാക്കി ഇടതുമുന്നണി. സിപിഎം കയ്യാളുന്ന വകുപ്പുകളില്‍ ഉള്‍പ്പെടെ മാറ്റം വരും. പുതിയ ഘടകകക്ഷികള്‍ മന്ത്രിസഭയിലെത്തുന്ന സാഹചര്യത്തില്‍ ഈ അഴിച്ചുപണി ഒഴിവാക്കാനാവില്ല. സിപിഎം, സിപിഐ, ജനതാദള്‍ (എസ്), എന്‍സിപി, കോണ്‍ഗ്രസ് (എസ്) കക്ഷികള്‍ക്കാണ് നിലവില്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം.

ഇവരില്‍ കോണ്‍ഗ്രസ് (എസ്) ഒഴിവാകാനും പുതുതായി 3 ഘടകകക്ഷികള്‍ വരാനുമാണു സാധ്യത. മന്ത്രിസഭയുടെ അംഗബലം ഇരുപതില്‍ നിന്ന് 21 ആകുകയും ചെയ്യും. വകുപ്പു പുനര്‍വിഭജനത്തിലൂടെയല്ലാതെ എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യം ലഭിക്കില്ല.

ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ വകുപ്പുകളിലേക്കു കടക്കാന്‍ സിപിഎം തയാറായില്ല. ഓരോ പാര്‍ട്ടിയുടെയും പ്രാതിനിധ്യം അന്തിമമാക്കിയ ശേഷം വകുപ്പുകളുടെ കാര്യം ആലോചിക്കാമെന്നാണു ഘടകകക്ഷികളെ അറിയിച്ചത്.

കേരള കോണ്‍ഗ്രസി(എം)ന് ഒരു മന്ത്രിസ്ഥാനമേ ഉറപ്പായിട്ടുള്ളൂ. പൊതുമരാമത്ത്, ജലവിഭവം, കൃഷി തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കു താല്‍പര്യം. ഇതില്‍ പൊതുമരാമത്ത് സിപിഎമ്മും കൃഷി സിപിഐയും കൈവശം വയ്ക്കുന്ന വകുപ്പുകളാണ്.

ജലവിഭവം ജനതാദളിന്റെ (എസ്) പക്കലും. സിപിഐയുടെ പക്കലുള്ള റവന്യു, കൃഷി, വനം, ഭക്ഷ്യം വകുപ്പുകളുടെ കാര്യത്തില്‍ മാറ്റത്തിനു തയാറാണെന്ന സൂചന പാര്‍ട്ടി നല്‍കുന്നില്ല. കൂടെ കയ്യാളുന്ന ചെറിയ വകുപ്പുകളുടെ കാര്യത്തില്‍ നീക്കുപോക്കിന് അവര്‍ തയാറാകും.

ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, വൈദ്യുതി, തദ്ദേശ ഭരണം, സഹകരണം, ടൂറിസം, പട്ടികജാതി-പട്ടികവര്‍ഗം, സാംസ്‌കാരികം എന്നിവ തുടര്‍ന്നും സിപിഎം തന്നെ വയ്ക്കും. മറ്റു വകുപ്പുകളുടെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ക്കു സന്നദ്ധമാകും.

കടന്നപ്പള്ളി ഒഴിവായാല്‍ അദ്ദേഹത്തിന്റെ പക്കലുള്ള തുറമുഖവും മ്യൂസിയവും പൊതു പൂളിലേക്കു വരും. മാറുന്ന മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ പുതിയ വകുപ്പുകള്‍ സംബന്ധിച്ച വിദഗ്ധ നിര്‍ദേശങ്ങളും ഉന്നത നേതൃത്വത്തിനു മുന്നിലുണ്ട്.

മുന്നണിയില്‍ ഉള്‍പ്പെടുന്നതും സഹകരിയ്ക്കുന്നതുമായ ആറു ചെറുകക്ഷികള്‍ക്ക് ഒറ്റ എം.എല്‍.എമാര്‍ മാത്രമുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ കേരളകോണ്‍ഗ്രസില്‍ നിന്ന് കെ.പി.ഗണേഷ് കുമാറിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കിയേക്കും.

സി.പി.എം.-12, സി.പി.ഐ.- 4, കേരള കോൺഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എൻ.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.

സ്പീക്കർ സി.പി.എം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സർക്കാരിന്റെ ഇടക്കാലത്ത് സി.പി.എമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് നൽകിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോൺഗ്രസിനായിരിക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എൽ.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സി.പി.എം. നേതൃത്വം അറിയിച്ചിരിക്കുന്നത്.

എൻ.എസ്.എസും എൽ.ഡി.എഫും തമ്മിൽ അകന്നുനിൽക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുടെ പാതയിൽ ഗണേഷ് കുമാറും എൻ.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് എൻ.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തൽ.

ആഴക്കടൽ മീൻപിടിത്ത കരാർ പ്രതിപക്ഷം വലിയ ആരോപണമായി ഉയർത്തിയെങ്കിലും ലത്തീൻ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാൻ കാരണമാകുന്നു. ഇതുവഴി ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.

സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനിൽ പുതിയ മന്ത്രിമാർക്ക് ഗവർണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനിൽ പന്തലിടാൻ തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker