പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ബിഹാറില്‍ പോയി നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖിനെ കൂടി പിടികൂടാനുണ്ട്.
ജൂലായ് ആറിനാണ് ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജ്വല്ലറി വര്‍ക്സില്‍ കവര്‍ച്ചനടന്നത്. 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും നഷ്ടമായിരുന്നു. ബിഹാര്‍ സ്വദേശിയായ ഇസാഖ് മാങ്കുര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലിചെയ്തുവരികയായിരുന്നു. ജൂലായ് അഞ്ചിന് ബിഹാറില്‍നിന്ന് മുഹമ്മദ് മിനാറുല്‍ഹഖ്, ഇസാഖുമായി ചേർന്ന് ആറാം തീയതി പുലര്‍ച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവര്‍ കുത്തിത്തുറന്ന് അകത്തു കയറി മോഷണം നടത്തി. ശേഷം തീവണ്ടിയില്‍ നാട്ടിലേക്ക് പോകുകയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളും പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെ എസ്.ഐ. കെ.വി. സുധീര്‍ ബാബു, എ.എസ്.ഐ. ലിനേഷ്, സി.പി.ഒ.മാരായ സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡി.വൈ.എസ്.പി. വി.വി. ലതീഷ്, മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഇ.കെ. ഷൈജു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.