ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് ഭാര്യയെ പരിഹസിച്ചതിന് നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. വില്‍ സ്മിത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചാണ് ജൂഡ് ആന്തണി രംഗത്തെത്തിയിരിക്കുന്നത്. ‘റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്’ എന്ന അടിക്കുറിപ്പോടുകൂടി വില്‍ സ്മിത്തിന്റെയും ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ കുറിപ്പ്.
അമ്മ, പെങ്ങള്‍, ഭാര്യ, മകള്‍ എന്നിവരെ അപമാനിച്ചാല്‍ അപ്പോള്‍ തന്നെ അടി കൊടുക്കണം. നിങ്ങളുടെ മുന്നില്‍ വെച്ച് അവരെ അപമാനിച്ചിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ആരാണെങ്കിലും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ മാത്രം കൊള്ളാം, ജൂഡ് ആന്തണി കുറിച്ചു.
ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി അതിരുവിട്ടതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റിന് തൊട്ടുപിന്നാലെ സ്റ്റേജിലേക്ക് കയറി ചെന്ന് വില്‍ സ്മിത്ത് മുഖത്തടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ തന്നെ വില്‍ സ്മിത്ത് മാപ്പപേക്ഷിച്ചിരുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കളിയാക്കിയത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. ക്രിസിനോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും വില്‍ സ്മിത്ത് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി.