കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്സ്‌നയും തമ്മില്‍ പ്രണയത്തിലായിട്ട് ഏഴ് മാസത്തോളമായെന്ന് ദമ്പതികളുടെ തന്നെ വെളിപ്പെടുത്തല്‍. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. ഗള്‍ഫിലായിരുന്ന ജോയ്സ്‌ന നാട്ടിലെത്തി രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഷെജിനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിച്ചത്. ഇതറിഞ്ഞ ബന്ധുക്കള്‍ക്ക് ഇത്രയും ചെറിയ സമയത്തിനുള്ളില്‍ അവരെങ്ങനെ പ്രണയത്തിലായെന്ന സംശയവും ഞെട്ടലും ഉണ്ടായി.
ഇതോടെ ലൗ ജിഹാദ് ആരോപണവും ശക്തമായി, ഇടവകയും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കോടഞ്ചേരിയിലെ മിശ്ര വിവാഹം ലൗ ജിഹാദായി മാറുന്നത്. അതേസമയം, നാട്ടില്‍ നിന്ന് മാറിനിന്നത് ജാഗ്രതക്കുറവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞെന്നും ഷെജിനും സമ്മതിക്കുന്നുണ്ട്. കോടഞ്ചേരി പോലീസിനെതിരെ ഷെജിന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോടതിയില്‍ വച്ച് എസ്ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്സ്നയെ തടഞ്ഞുവച്ചു.
കോടതി ജോയ്സ്നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികള്‍ വൈകിപ്പിച്ചു. വീട്ടുകാരെ കാണാന്‍ ജോയ്സ്നയെ നിര്‍ബന്ധിച്ചു. എസ്ഐയും രണ്ട് സിപിഒമാരുമാണ് മോശമായി പെരുമാറിയത്. മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നും ഷെജിന്‍ പറഞ്ഞു. വിവാഹത്തിനായി ആരുടെയും സമ്മര്‍ദ്ദമില്ലായിരുന്നെന്നും ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ജോയ്സ്നയും മാധ്യമങ്ങളിടൂടെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തെ തള്ളിപ്പറഞ്ഞും പ്രണയത്തില്‍ സംശയം ഉന്നയിച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തിനെതിരെ, കോഴിക്കോട് കോടഞ്ചേരിയില്‍ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനമടക്കം നടന്ന സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം.