മുംബൈ: രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ പരസ്യമായി അപമാനിച്ചെന്ന ആരോപണവുമായി മുംബെെ പ്രസ് ക്ലബ്. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് പ്രസ് ക്ലബ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പാർട്ടി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ രാഹുൽ മാധ്യമപ്രവർത്തകനു നേരെ കയർത്ത് സംസാരിച്ചുവെന്നാണ് ആരോപണം.
അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ കുറിച്ചും എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ചും ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി ശാന്തത കെെവിട്ട് റിപ്പോർട്ടർക്ക് നേരെ ക്ഷുഭിതനായി.
നിങ്ങൾ എന്തിനാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നത്? നിങ്ങൾക്ക് ബിജെപിയിൽ പ്രവർത്തിക്കണമെങ്കിൽ ബിജെപി ബാഡ്ജ് ധരിക്കൂ. ഒരു പത്രപ്രവർത്തകനായി അഭിനയിക്കരുത്,’ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ഒരു മാധ്യമപ്രവർത്തകന്റെ ജോലി ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്, പത്രസമ്മേളനങ്ങൾ വിളിക്കുകയും മാധ്യമപ്രവർത്തകരുമായി ഇടപഴകുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ കടമയാണ് ഈ ചോദ്യങ്ങൾക്ക് മാന്യതയോടെയും മര്യാദയോടെയും ഉത്തരം നൽകുക എന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നിന്റെ നേതാവ് എന്ന നിലയിൽ മാധ്യമപ്രവർത്തകരുടെ അന്തസ്സ് മാനിക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. സംഭവത്തിൽ രാഹുൽ തിരുത്തൽ വരുത്തുകയും മാധ്യമപ്രവർത്തകനോട് മാപ്പ് പറയുകയും വേണമെന്ന് പ്രസ് ക്ലബ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.