FeaturedNews

ലഖിംപുര്‍ ഖേരിയില്‍ മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു; കര്‍ഷക പ്രതിഷേധം ഇരമ്പുന്നു

ലഖിംപുര്‍ ഖേരി: ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. രാം കശ്യപ് എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ ആകെ എണ്ണം ഒമ്പതായി ഉയര്‍ന്നു.

സംഭവത്തില്‍ യുപിയിലും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പുകയാണ്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ ലംഖിപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. മൃതദേഹങ്ങളുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു.

ഡല്‍ഹി യുപി ഭവന്റെ മുന്നിലേക്കും കര്‍ഷക സംഘടനകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11നാണ് പ്രതിഷേധ മാര്‍ച്ചിന് കര്‍ഷക സംഘടനകളുടെ ആഹ്വാനം. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ഓടിച്ച കാറാണു കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞുകയറിയത്. അപകടത്തിനിടയാക്കിയ വാഹനം കര്‍ഷകര്‍ കത്തിച്ചിരുന്നു.

പ്രതിഷേധവുമായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. പ്രിയങ്കയെ സീതാപൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം പ്രിയങ്കയുടെ അറസ്റ്റ് യുപി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് പുലര്‍ച്ചെ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലെത്തിയെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ലഖിംപൂരിലെ ഖേരിയിലേയ്ക്ക് പ്രിയങ്കയ്ക്ക് കടക്കാനായില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ലഖിംപുര്‍ ഖേരിയിലെ കര്‍ഷക പ്രതിഷേധത്തിനു നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ യുപിയില്‍ വ്യാപക സംഘര്‍ഷമാണ് അരങ്ങേറുന്നത്. ലക്‌നോവില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ വീടിനു മുന്നില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അഖിലേഖ് യാദവിനെയും നിരവധി ബിഎസ്പി നേതാക്കളെയും പോലീസ് വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. ലഖിംപുരിലേക്ക് പോകാന്‍ അഖിലേഷിനെ അനുവദിക്കില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button