കൊല്ലം: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരെ ട്രെയിനില്‍ വച്ച് ആക്രമണം. സംഭവത്തില്‍ രണ്ട് യുവാക്കളെ റെയില്‍വേ പോലീസ് പിടികൂടി. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടില്‍ കെ അജല്‍ (23), കോഴിക്കോട് ചേവായൂര്‍ നെടുലില്‍പറമ്പില്‍ അതുല്‍ (23) എന്നിവരാണു കൊല്ലം റെയില്‍വേ പോലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ടു മലബാര്‍ എക്സ്പ്രസില്‍ വെച്ചാണ് ആക്രമണം നടന്നത്. ട്രെയിന്‍ ചിറയില്‍കീഴ് എത്തിയപ്പോള്‍ ഭര്‍ത്താവ് പ്ലാറ്റ്ഫോമിലേക്കു ഇറങ്ങിയിരുന്നു. തുടര്‍ന്ന്, ബി3 കംപാര്‍ട്മെന്റില്‍ യാത്ര ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകയോട് അടുത്തെത്തിയ പ്രതികള്‍ മോശമായി സംസാരിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്നു, പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. ഇദ്ദേഹം എത്തി പ്രതികളോടു കാര്യം തിരക്കുന്നതിനിടെ ഇവര്‍ ഇദ്ദേഹത്തെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.