കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ചിഹ്നം ജോസ് കെ മാണിക്ക് വിട്ടുനല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് പി ജെ ജോസഫ് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും ജോസ് കെ മാണിക്കാണ് പാര്‍ട്ടിയുടെ അവകാശമെന്ന് വ്യക്തമാക്കിയതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി ജെ ജോസഫിനുണ്ടായിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ അഭിപ്രായം ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിക്കുകയായിരുന്നു.
പാലായില്‍ തിരഞ്ഞെടുപ്പ് ഒരുക്കം ലക്ഷ്യമിട്ട് ഇന്ന് മുതല്‍ പദയാത്ര ആരംഭിക്കുന്ന ജോസിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ തുടക്കമാണിതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.
അതേ സമയം ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം.സ്ഥിരീകരിച്ചു.ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് ജോസ് ടോം പറഞ്ഞു. കുരങ്ങന് പൂമാല കിട്ടിയതുപോലെയാണ് മാണി സി. കാപ്പന്റെ എംഎല്‍എ പദവി. സര്‍ക്കാര്‍ പരമാവധി ഫണ്ടുകള്‍ നല്‍കിയിട്ടും കാപ്പന്‍ അത് പ്രയോജനപ്പെടുത്തിയില്ല. കോണ്‍ഗ്രസിന് മാണി സി. കാപ്പനെ വിശ്വാസമില്ല. കൂടെ നിന്ന് കാലുവാരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് നല്ല ഭയമുണ്ട്. അതാണ് ഘടകകക്ഷിയാക്കുന്നതില്‍ ഭിന്നതയെന്നും ജോസ് ടോം പറഞ്ഞു.
പരമാവധി ഫണ്ടുകള്‍ പാലായ്ക്കുവേണ്ടി മുഖ്യമന്ത്രി അനുവദിച്ചു. എന്നാല്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലെ മാണി സി. കാപ്പന്‍ അതെല്ലാം ചിതറിച്ച് കളഞ്ഞു. പ്രസ്താവനകള്‍ നടത്തിയെന്നത് ഒഴിച്ചാല്‍ ഒരു എംഎല്‍എ എന്ന നിലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയില്ല.
സിനിമയ്ക്ക് സെറ്റിട്ട് ഷൂട്ടിംഗ് നടത്തുന്നതുപോലെ ഒരു സെറ്റ് ഒരുക്കി കാര്യങ്ങള്‍ അവതരിപ്പിച്ച് പോകുന്നതല്ലാതെ, അടിസ്ഥാനപരമായ ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റ് പറയുന്നത് മാണി സി. കാപ്പനോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ്. കാരണം കോണ്‍ഗ്രസിന് മാണി സി. കാപ്പനെ വിശ്വാസമില്ലെന്നും ജോസ് ടോം പറഞ്ഞു.