കൊച്ചി: ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ തവണ അങ്കമാലിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍ വീണ്ടും മത്സരരംഗത്തേയ്ക്ക്. അങ്കമാലിയില്‍ പാര്‍ട്ടിയും ഇടതുമുന്നണിയും പറഞ്ഞാല്‍ മത്സരിക്കുമെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു.
2013 ലെ ഒളിക്യാമറ വിവാദം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ല. ആ കേസിലെ എഫ്ഐആര്‍ പോലും കോടതി തള്ളിക്കളഞ്ഞതാണെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമാണ്. കഴിഞ്ഞ തവണ മത്സരിച്ചില്ലെന്ന് മാത്രമേയുള്ളൂ. ഇത്തവണ പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകും.
പാര്‍ട്ടിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയിലെ ജനങ്ങള്‍ക്ക് വിവാദത്തിലെ സത്യം അറിയാം. അതിനാല്‍ അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. വര്‍ഷങ്ങളായി എന്നെ അറിയാവുന്നവരാണ് അങ്കമാലിയിലെ ജനങ്ങളെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.