KeralaNews

മകളുടെ കല്യാണത്തിന് മാറ്റിവച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ജോസ് കെ മാണി

കോട്ടയം: സൗജന്യ വാക്സിന്‍ ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി മാറ്റിവച്ച തുകയില്‍ നിന്നും 50,000 രൂപയാണ് ജോസ് കെ മാണി വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് കൊണ്ട് കൈമാറിയിരിക്കുന്നത്.

നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. തുക കൈമാറുന്നതിനൊപ്പം എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.

നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി, ആടിനെ വിറ്റ് പണം നല്‍കിയ സുബൈദ ബീവി തുടങ്ങിയ സാധാരണക്കാരടക്കം നിരവധി പേരാണ് ദുരിതാശ്വാസനിധിയിലേക്ക് തങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലുളള തുകകള്‍ സംഭാവന ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ തന്നില്ലെങ്കിലും സ്വന്തം നിലയില്‍ വിലകൊടുത്തുവാങ്ങി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വാക്സിന്‍ ചലഞ്ച് ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button