മുന്നണി മാറ്റം; പ്രതികരണവുമായി ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വാ‍ർത്തകളോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്- ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും- ജോസ് കെ മാണി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News