തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ രൂപീകരണത്തില്‍ പൂര്‍ണ തൃപ്തരെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. രണ്ടു ക്യാബിനറ്റ് പദവികളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമാണിതെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികള്‍ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകുമെന്നും ജോസ് വ്യക്തമാക്കി. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരാണ് ഉള്ളത്. 21 അംഗങ്ങളുളള സര്‍ക്കാരില്‍ സിപിഎമ്മിലെ 12 മന്ത്രിമാര്‍ ഉണ്ടാകും. സിപിഐയിലെ നാല് പേര്‍, കേരളാ കോണ്‍ഗ്രസ് -എം ഒന്ന്, ജനതാദള്‍- എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രി പദവി.
സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും നല്‍കും. ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ്-എമ്മിനാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസിലെയും ഐഎന്‍എല്ലിലെയും മന്ത്രിമാര്‍ ആദ്യ രണ്ടര വര്‍ഷവും തുടന്നുള്ള ഊഴം കേരള കോണ്‍ഗ്രസ് -ബിയും കോണ്‍ഗ്രസ് -എസും പങ്കിടും.
മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. അതേസമയം, സര്‍ക്കാരില്‍ കെ.കെ.ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.