കോട്ടയം:നാർക്കോട്ടിക് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് ഉയർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിൻ്റെ മതസാഹോദര്യം സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ബിഷപ്പിൻ്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു. മത സാഹോദര്യം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നിൽപ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.
ജോസ് കെ മാണിയുടെ പ്രസ്താവന –
മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം.
അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് മോന്‍സ് ജോസഫും രംഗത്തെത്തിയിരുന്നു. ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചത് അദ്ദേഹത്തിന്‍റെ അപ്പോസ്തോലികമായ ദൗത്യം. വാക്കുകള്‍ വിവാദമാക്കാൻ ശ്രമിച്ചത് നിർഭാഗ്യകരം. യാഥാർത്ഥ്യം മനസ്സിലാക്കി വിവാദം അവസാനിപ്പിക്കണമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ബിഷപ്പ് പറഞ്ഞതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് തിരുത്തലുകൾ ഉണ്ടാകണം.
മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നായാലും പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നായാലും മാതൃകാപരമായ തിരുത്തലുകളുണ്ടാവണം. എല്ലാ മതങ്ങളുടേയും ആചാര്യന്മാർ ശരിയായ പാതയിൽ നയിക്കാനാണ് ശ്രമിക്കുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.