തിരുവനന്തപുരം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ജോസ് കെ മാണി രാവിലെ 11ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം.
ജനപ്രതിനിധികളായ തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയാറെടുക്കുന്നത്. റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനാൽ മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകാൻ കാരണം.
അതേസമയം, ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എൻസിപി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം. പാലയിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുമ്പോൾ മാണി സി കാപ്പൻ ഉയർത്തുന്ന കലാപക്കൊടിയാണ് തലവേദന. സിറ്റിംഗ് സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് എൻസിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താൽ നിലവിൽ ചർച്ചക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയിൽ ഒറ്റപ്പെടും
കഴിഞ്ഞ തവണ ജോസഫ് പക്ഷമുള്‍പ്പെടെ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്.ഇത്തവണയും അതേ സീറ്റുകള്‍ വേണമെന്നാണ് സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.നിലവില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി,പാലാ എന്നിവിടങ്ങളിലും മാണി പക്ഷം കണ്ണുവെച്ചിട്ടുണ്ട്. ജോസഫിനെതിരെ മത്സരിയ്ക്കാന്‍ തൊടുപുഴയിലും ജോസ് പക്ഷം സീറ്റ് ചേദിച്ചിട്ടുണ്ട്.