ജോളിയുടെ ഉറ്റ സുഹൃത്തായ യുവതി ഒളിവില്‍, ജോളിയുടെ ഫോണില്‍ യുവതിയുമൊത്തുള്ള നിരവധി ചിത്രങ്ങള്‍; റാണിക്കായി വലവിരിച്ച് പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി കുടുങ്ങിയതോടെ ഉറ്റ സുഹൃത്തും എന്‍.ഐ.ടി പരിസരത്തെ തയ്യല്‍ക്കടയിലെ ജീവനക്കാരിയുമായ യുവതി ഒളിവിലെന്ന് വിവരം. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പോലീസിന് ലഭിക്കുന്നത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പോലീസ് തിരയുന്നത്.
30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പോലീസിന് ലഭിച്ചത്. അന്വേഷണ സംഘം ജോളിയോട് റാണിയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായിട്ടില്ല.