ഞാനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ല, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല; ജോജു ജോര്‍ജ്

ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചുവെന്ന വാര്‍ത്ത തള്ളി നടന്‍ ജോജു ജോര്‍ജ്. ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടന്ന വിവരം പോലും താന്‍ അറിഞ്ഞില്ല. അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തതെന്ന് ജോജു പറഞ്ഞു.

താനൊരു ജാഥയും നയിച്ചിട്ടില്ല. ആവശ്യമില്ലാതെ ഓരോ കാര്യങ്ങളിലേക്ക് തന്നെ തള്ളിയിടുകയാണ്. വിഷയത്തില്‍ കൂടി ഇനിയും ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ജോജു വ്യക്തമാക്കി. ജോജു ജോര്‍ജ് പറഞ്ഞത്: ”എന്തിനാണ്.. നമ്മളെ വെറുതെ വിട്ടുകൂടേ.. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അല്ലാതെ ഞാനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല.

ഞാന്‍ ഓണ്‍ലൈനുകളില്‍ പോലും ഇല്ല. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News