കൊല്ലം:സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ നിയമന ഉത്തരവുമായെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് പിടിയിലായത്. രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന രേഖകളും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ ചേരാനെത്തിയതായിരുന്നു യുവതി. റവന്യൂവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി നിയമനം ലഭിച്ചെന്നതായുള്ള ഉത്തരവ് കണ്ടപ്പോള്‍ത്തന്നെ കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്ക് സംശയംതോന്നി.
റവന്യൂവകുപ്പില്‍ ജോലിനേടുന്നവരുടെ നിയമന ഉത്തരവില്‍ കളക്ടറാണ് ഒപ്പിടുന്നത്. എന്നാല്‍ റവന്യൂ ഓഫീസര്‍ എന്നപേരിലുള്ള ഒപ്പായിരുന്നു രാഖി ഹാജരാക്കിയ ഉത്തരവിലുണ്ടായിരുന്നത്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ 22-ാം റാങ്ക് ലഭിച്ചെന്നാണ് യുവതി പറഞ്ഞത്. വ്യാജമായി നിര്‍മിച്ച റാങ്ക് പട്ടിക കാണിക്കുകയും ചെയ്തു.
ഇതേ പട്ടികയിലെ 35-ാം റാങ്ക് ജേതാവ് കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നതിനാല്‍ സംശയം ബലപ്പെട്ടു. താലൂക്ക് ഓഫീസില്‍ തര്‍ക്കമുന്നയിച്ച യുവതിയോട്, തഹസില്‍ദാര്‍ ജില്ലാ പി.എസ്.സി. ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. പി.എസ്.സി. ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരവ് വ്യാജമാണെന്ന് വ്യക്തമായി.
ഒന്‍പതുമാസംമുമ്പ് അഡൈ്വസ് മെമ്മോ വ്യാജമായി നിര്‍മിച്ച് സ്വന്തം വിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ജോലിക്ക് കയറണമെന്നുകാട്ടിയുള്ള വ്യാജ നിയമന ഉത്തരവും സ്വന്തം വിലാസത്തിലേക്ക് അയച്ചത്രേ.
ഈ രേഖകള്‍ പരിശോധിച്ച പി.എസ്.സി. ഉദ്യോഗസ്ഥര്‍ രാഖിയെയും കൂടെയെത്തിയ ബന്ധുക്കളെയും തടഞ്ഞുവെച്ചു. പോലീസ് പി.എസ്.സി. ഓഫീസില്‍വെച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു.
മൊബൈല്‍ ഫോണിന്റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത മറ്റ് ബന്ധുക്കള്‍ക്ക് വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.