KeralaNews

വിധി വന്ന്‌ എട്ടു വർഷമായിട്ടും നഷ്‌ടപരിഹാരമില്ല; വീണ്ടും കോടതിയെ സമീപിയ്ക്കാനൊരുങ്ങി പ്രൊഫ. ടി.ജെ. ജോസഫ്

മൂവാറ്റുപുഴ: ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് കൈപ്പത്തി വെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി.ജെ. ജോസഫിന് കോടതിവിധിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ല. 2015 ഏപ്രിലിൽ കേസിന്റെ ആദ്യവിധിയിൽ പ്രഖ്യാപിച്ച എട്ടുലക്ഷംരൂപയാണ് രണ്ടാംഘട്ട വിധിവന്നിട്ടും ലഭിക്കാത്തത്. ജൂലായ് 14-ന് വന്ന രണ്ടാംഘട്ടവിധിയിലും നാലുലക്ഷം രൂപനൽകാൻ എൻ.ഐ.എ. കോടതി ഉത്തരവിട്ടിട്ടുണ്ട്.

നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടി നിയമ നടപടിക്കൊരുങ്ങുകയാണെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള സർക്കാരിന് വീഴ്ച വന്നതുകൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടത്. അതിനാൽ കോടതി അനുവദിച്ച പണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് പ്രൊഫ. ടി.ജെ. ജോസഫ് പറഞ്ഞു.

മൂന്നുതവണ ആക്രമണ ഭീഷണിയുണ്ടായപ്പോഴും ഡിവൈ.എസ്.പി.ക്കടക്കം രേഖാമൂലം പരാതി നൽകി. പോലീസ് സംരക്ഷണമൊരുക്കിയില്ല. ഇത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്. കോടതി പറഞ്ഞകാര്യം നടപ്പാക്കുക എന്നതാണ് പ്രധാനം.

പ്രതികൾ മേൽക്കോടതിയിൽ പോകുമ്പോൾ കുറ്റം ഇളവ് ചെയ്തുകിട്ടുമെന്ന് കരുതുന്നുണ്ടാവും. ചിലപ്പോൾ കൂടുകയുമാകാം. അപ്പോഴും അക്രമിക്കപ്പെട്ടയാളുടെ സ്ഥിതി സമാനമാണ്. അതിനാൽ കോടതിനിശ്ചയിച്ച സഹായം ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

2010-ലുണ്ടായ ചോദ്യപ്പേപ്പർ വിവാദത്തിൽ 2013-ൽ കോടതി തന്നെ കുറ്റമുക്തനാക്കിയതാണ്. മാനസികമായും കുടുംബപരമായും സാമൂഹികമായും അനുഭവിച്ച വേദനകളും അപമാനവും വലുതാണ്. ഇതിനെതിരേയും കോടതിയെ സമീപിക്കാവുന്നതായിരുന്നു. എന്നാൽ അതിന് മുതിരുന്നില്ലെന്നും കോടതിവിധിച്ച നഷ്ടപരിഹാരം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ടി.ജെ. ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker