ന്യൂയോർക്ക്: ജോൺസൺ&ജോൺസൺ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാൽകം പൗഡറുകളും കാൻസറിനു കാരണമാകുന്നുവെന്ന ഹർജികളിൽ ഒടുവിൽ ഒത്തുതീർപ്പിന് കമ്പനി. 5.5 ബില്യൺ ഡോളർ വരെ നഷ്ടപരിഹാരമായി നൽകാമെന്ന് കമ്പനിയറിയിച്ചു. ജോൺസൺ&ജോൺസണിന്റെ പൗഡറുകൾ ഒവേറിയൻ കാൻസറിനു കാരണമാകുന്നുവെന്നു കാണിച്ച് പതിനായിരക്കണക്കിനാളുകൾ നൽകിയ ഹർജിയിലാണ് നടപടി.
ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസുകളുകൾപ്പെടെ ഏകദേശം 76,000 കേസുകൾ ഉൾപ്പെടുന്ന പരാതികളിന്മേലാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്. അതേസമയം 95 ശതമാനം പരാതിക്കാരും സ്റ്റേറ്റ് അല്ലെങ്കിൽ ഫെഡറൽ കോടതികളിൽ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് അന്തിമമാകൂ.
എന്നാൽ കേസുകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജോൺസൺ & ജോൺസണിന്റെ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു. നിയമപരമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനാണ് കമ്പനി ഒത്തുതീർപ്പിന് തയ്യാറായത്. കൂടുതൽ നിയമ നടപടികളിലൂടെ കമ്പനി വിജയിക്കുമെന്ന് വിശ്വാസമുണ്ട്. എന്നാൽ ഈ വിഷയം അവസാനിപ്പിക്കാനും ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒത്തുതീർപ്പ് സഹായിക്കുമെന്നും എറിക് പറഞ്ഞു.
2027-ഓടെ 3 ബില്യൺ ഡോളർ നൽകുമെന്നും 2028-ൽ ബാക്കി നൽകുമെന്നുമാണ് ജോൺസൺ & ജോൺസൺ പ്രതീക്ഷിക്കുന്നത്. എന്നാൽ എത്രപേർ ഈ ഒത്തുതീർപ്പിൽ പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ച് തുക വർധിക്കാനും സാധ്യതയുണ്ട്. ജോൺസൺ & ജോൺസൺ 7 ബില്യൺ ഡോളർ വരെ നൽകേണ്ടി വരുമെന്ന് ഏകദേശം 2,500 കേസുകളിലെ ഉപഭോക്താക്കളെ പ്രതിനിധീകരിക്കുന്ന അറ്റോർണിയായ ക്രിസ് സീഗർ പറഞ്ഞു.
നിയമപരമായ പോരാട്ടത്തിൽ ജോൺസൺ & ജോൺസണിന് തുടർച്ചയായി വിജയങ്ങൾ ലഭിച്ചതിനു ശേഷമാണ് ഈ ഒത്തുതീർപ്പ്. ടാൽകം പൗഡറുകൾ അണ്ഡാശയ കാൻസറിന് കാരണമായെന്ന് തെളിയിക്കാൻ വ്യക്തിഗത ഹർജിക്കാർക്ക് സാധിക്കുമോ എന്ന് കഴിഞ്ഞയാഴ്ച ഒരു ഫെഡറൽ ജഡ്ജി സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ ഉത്പന്നങ്ങൾ കാൻസറിനു കാരണമായിട്ടില്ലെന്ന് ജോൺസൺ & ജോൺസൺ ആവർത്തിച്ചുപറയുന്നുണ്ട്. ടാൽകം പൗഡറുകൾ സുരക്ഷിതമാണെന്നും അതിൽ ആസ്ബെസ്റ്റോസ് ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. 2020-ൽ അമേരിക്കയിലും 2023-ഓടെ ആഗോളതലത്തിലും ടാൽക്ക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വിൽപ്പന കമ്പനി നിർത്തിവെക്കുകയും ചോളപ്പൊടി കൊണ്ടുള്ള പൗഡർ ഉത്പാദനത്തിലേക്ക് മാറുകയും ചെയ്തിരുന്നു.
ജോൺസൺ&ജോൺസണിന്റെ ടാൽകം പൗഡർ അണ്ഡാശയ അർബുദത്തിനും മെസോതെലിയോമയ്ക്കും കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും ഉത്പ്പന്നം വിൽക്കുന്നത് തുടർന്നു എന്ന് ആരോപിച്ചാണ് 2025 ഒക്ടോബറിൽ യു.കെ.യിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 7,000-ൽ അധികം പേർക്കാണ് യു.കെ.യിൽ നഷ്ടപരിഹാരം ലഭിക്കാനുള്ളത്.
2020ലാണ് യുഎസ്സിലും കാനഡയിലും കമ്പനിയുടെ ടാൽകം പൗഡറിന് വിലക്കേർപ്പെടുത്തിയത്. കമ്പനിയുടെ ടാൽക്ക് പൗഡറുകൾ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടർന്നുണ്ടായ പ്രചാരണങ്ങളെ തുടർന്ന് ഡിമാൻഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡർ വിൽപന ജോൺസൺ ആൻഡ് ജോൺസൺ അവസാനിപ്പിച്ചത്. എന്നാൽ ശാസ്ത്രീയ പരിശോധനകളിൽ ടാൽക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
ടാൽകം പൗഡറും കാൻസറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറാണ്(ഐ.എ.ആർ.സി.) ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ടാൽകം പൗഡറിൽ അടങ്ങിയിരിക്കുന്ന ടാൽക് ഒവേറിയൻ കാൻസറിന് കാരണമാകാം എന്നാണ് കണ്ടെത്തിയത്. പ്രകൃത്യാൽ തന്നെ ലഭിക്കുന്ന ഒരുതരം ധാതുവാണ് ടാൽക്. ഇത് ശുദ്ധീകരിച്ച് പൊടിച്ചെടുത്താണ് ടാൽക് ഉണ്ടാക്കുന്നത്. ഇതിൽ സുഗന്ധ ചേരുവകളും മറ്റും ചേർത്ത് ടാൽകം പൗഡർ തയ്യാറാക്കുന്നു. ബേബി പൗഡർ, ഡിയോഡറന്റ്, മേക്ക്അപ് വസ്തുക്കൾ തുടങ്ങിയവയിലും ഇവ ഉപയോഗിച്ചുവരുന്നു.
English SummaryHealthcare giant Johnson & Johnson has agreed to a massive $5.5 billion settlement to resolve tens of thousands of lawsuits alleging that its talc-based baby powder and other talcum products caused ovarian cancer. Resolving nearly 69,000 pending cases—representing around 99.75% of total remaining claims—the landmark agreement marks a major resolution to a decade-long legal battle. J&J previously discontinued its talc-based baby powder globally, transitioning entirely to cornstarch-based alternatives.


