വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാവലയത്തിലേക്ക് അജ്ഞാതന്‍ നടത്തിയ കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകള്‍. ഇന്നലെയാണ് ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വില്യം ഇവാന്‍ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ആക്രമണത്തിന്റെ കാരണത്തെ വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന. ജനുവരിയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലമായ പ്രതിഷേധത്തിന് ഒടുവില്‍ നടന്ന ക്യാപിറ്റോള്‍ കലാപത്തില്‍ ഒരു പൊലീസുകാരനടക്കം 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ബാരിക്കേഡില്‍ ഇടിച്ചു നിര്‍ത്തിയ കാറിനു പുറത്തിറങ്ങിയ അക്രമി പൊലീസിനു നേര്‍ക്കു കത്തിവീശി. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
ക്യാപ്പിറ്റലിന്റെ വടക്കുഭാഗത്താണു സംഭവം. സെനറ്റ് കവാടത്തിനു 90 മീറ്റര്‍ മുന്‍പിലായുള്ള ബാരിക്കേഡാണ് ഇടിച്ചുതകര്‍ത്തത്. ജനുവരി ആറിനു നടന്ന കലാപത്തെത്തുടര്‍ന്ന് ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്നു ക്യാപ്പിറ്റലില്‍ അതീവസുരക്ഷ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെയോ അക്രമിയുടെയോ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
CRITICAL INCIDENT: USCP is responding to the North Barricade vehicle access point along Independence Avenue for reports someone rammed a vehicle into two USCP officers. A suspect is in custody. Both officers are injured. All three have been transported to the hospital. pic.twitter.com/4TXIdulJc6
— U.S. Capitol Police (@CapitolPolice) April 2, 2021