ആലപ്പുഴ: യുക്രൈനില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജിതിന (23) രണ്ടാഴ്ചത്തെ ദുരിതത്തിനൊടുവില്‍ നാട്ടിലെത്തി. ജിതിനയുടെ ഭര്‍ത്താവ് ചേപ്പാട് ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ അഖില്‍ രഘു (25) യമനില്‍ ഹൂതി വിമതര്‍ തട്ടിയെടുത്ത കപ്പലില്‍ അകപ്പെടുകയും പിന്നീട് മോചിതനായി സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കഴിയുകയാണ്.
കപ്പലില്‍ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖില്‍ രഘു. ഭര്‍ത്താവുമായി ഫോണില്‍ പോലും സംസാരിക്കാന്‍ കഴിയാതെ ജിതിന ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് യുക്രൈനില്‍ യുദ്ധത്തിന് തുടക്കം. കീവ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിനായായ ജിതിന ഉള്‍പ്പെടെയുള്ളവരോട് ബങ്കറിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
കീവ് കേന്ദ്രീകരിച്ച് യുദ്ധം മുറുകിയതോടെ ട്രെയിനില്‍ ലവീവിലേക്ക് രക്ഷപ്പെടാന്‍ നിര്‍ദ്ദേശം വന്നു.13 മണിക്കൂര്‍ ട്രെയിനില്‍ നിന്ന് യാത്ര ചെയ്താണ് അവിടെ എത്തിയത്. പിന്നീട് ട്രെയിനില്‍ അതിര്‍ത്തി പ്രദേശമായ ഉഷോദിലേക്ക്. തുടര്‍ന്ന് ബസ് മാര്‍ഗം ഹംഗറിയിലെത്തി. അവിടെ താമസ സൗകര്യം ലഭിച്ചു.ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി.
വൈകീട്ട് 7.30ന് ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പിതാവ് ജയകൃഷ്ണന്‍, അഖിലിന്റെ പിതാവ് രഘു, അഖിലിന്റെ സഹോദര ഭാര്യ ശിഖ എന്നിവര്‍ വിമാനത്താവളത്തിലെത്തി. ഭര്‍ത്താവ് അഖിലുമായി കഴിഞ്ഞ മാസം 27നാണ് ഒടുവില്‍ സംസാരിച്ചത്. അഖിലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് ജിതിന പറഞ്ഞു.