കോഴിക്കോട് : കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നത് മലബാര്‍ മേഖലയിലേയ്ക്ക്, ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും. അന്വേഷണം കൊടുവള്ളി കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജ്വല്ലറിയുടമയെ അടുത്ത ദിവസം ചോദ്യം ചെയ്യും. മലബാറിലെ പ്രധാന സ്വര്‍ണ വ്യാപാരമേഖലയായ കൊടുവള്ളിയിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അടുത്ത ദിവസം റെയ്ഡ് ഉണ്ടാകും.
ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും കോഴിക്കോട് എരഞ്ഞിക്കലിലെ സിംജുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊടുവള്ളി സ്വദേശിക്കും സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടെന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. കൊടുവള്ളി സ്വദേശിയായ ജ്വല്ലറി ഉടമയാണ് സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റാന്‍ സഹായം നല്‍കാറ്.
കോഴിക്കോട്ടെ ഒരു പ്രമുഖ കണ്‍വെന്‍ഷന്‍ സെന്ററില്‍ പങ്കാളിത്തവും പെയിന്റ് വ്യാപാരവും സിംജുവിനുണ്ട്. നടക്കാവ് കമ്മത്ത് ലൈനിലുള്ള സിംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറിയും കള്ളകടത്തിന് മറയായി ഉപയോഗിച്ചു. ആറ് കിലോഗ്രാം സ്വര്‍ണം കടത്തിയതിന് രണ്ട് മാസം മുമ്പും സിംജുവിന്റെ ഭാര്യാപിതാവ് അറസ്റ്റിലായിരുന്നു.