തിരുവനന്തപുരം: ദേശീയ പാതയില്‍ പള്ളിപ്പുറം ടെക്‌നോസിറ്റിയുടെ പ്രധാന കവാടത്തിന് മുന്നില്‍ വച്ച് രാത്രിയില്‍ കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരയെ വെട്ടി പരിക്കേല്‍പ്പിച്ച് 100 പവന്‍ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ വ്യാപാരിയുടെ കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. കാറിന്റെ മുന്‍വശത്തെ സീറ്റിനടിയിലെ പ്ലാറ്റുഫോമില്‍ രണ്ടു പ്രത്യേക രഹസ്യ അറകള്‍ ഉണ്ടാക്കി അതിലാണ് ഇത്രയധികം പണം സൂക്ഷിച്ചിരുന്നത്.
മോഷണം നടന്നയുടനെ സ്വര്‍ണ വ്യാപാരിയായ സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ച് വരുത്തി 75 ലക്ഷവും കൈമാറിയ ശേഷമാണ് സംഭവം മംഗലപുരം പോലീസിനെ അറിയിക്കുന്നത്. ഒമ്പതാം തീയതി രാത്രി നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പോലീസ് നിരവധി തവണ സമ്പത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ 75 ലക്ഷം കാറില്‍ ഉണ്ടായിരുന്നതും അവ ബന്ധുവിന് കൈമാറിയ വിവരം സമ്പത്ത് പോലീസിനെ അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. എന്നാല്‍, അക്രമികളുടെ വെട്ടേറ്റിട്ടിട്ടു പോലും സമ്പത്ത് കരുനാഗപള്ളിയിലുള്ള ഒരു ജ്വലറിക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചു വരുത്തി തുക മറ്റൊരു വാഹനത്തില്‍ കടത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ സംഭവം നടന്നയുടനെ വിളിപാടകലെ പോലീസ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് വെട്ടേറ്റ സമ്പത്ത് നിരവധിപേരെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. 75 ലക്ഷവും സമ്പത്ത് മംഗലപുരം പൊലീസിന് കൈമാറി. തുക പൊലീസ് കോടതിക്ക് കൈമാറും. അതേസമയം പിടിച്ചുപറി കേസില്‍ ഇതുവരെ അഞ്ചുപ്രതികളെ പോലീസ് ഇതിനകം പിടികൂടാനായിട്ടുണ്ട്.